ലോകസഭ തെരഞ്ഞെടുപ്പിനായി വലിയ ഒരുക്കങ്ങളാണ് മുന്നണികള്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ ഇളകി മറിഞ്ഞ കേരള രാഷ്ട്രീയത്തില്‍ പഴയ അടവുകള്‍ ഫലിക്കില്ലെന്ന് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പലവിധ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിന് തയ്യാറെടുക്കുകയാണ് ഇരു മുന്നണികളും. പുതുമുഖങ്ങളെയും ജനസമ്മതരെയും കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് നേതൃത്വങ്ങള്‍.
പരമ്പരാഗത മുഖങ്ങള്‍ മാറിയില്ലെങ്കില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയുണ്ട്. യു.ഡി.എഫില്‍ മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസ്സിനും ആര്‍.എസ്.പിക്കും നിലവില്‍ നല്‍കിവരുന്ന സീറ്റുകള്‍ മാത്രം നല്‍കാനും മറ്റു 16 എണ്ണത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുമാണ് കോണ്‍ഗ്രസ്സ് തീരുമാനം. മുസ്ലീം ലീഗ് വയനാട് കൂടി ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് നടക്കില്ലെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ എം.പിമാരില്‍ എറണാകുളത്ത് നിന്നുള്ള കെ.വി തോമസ്, മാവേലിക്കരയില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ടയില്‍ നിന്നുള്ള ആന്റോ ആന്റണി എന്നിവര്‍ വീണ്ടും മത്സരിച്ചാല്‍ വിജയസാധ്യത കുറവാണെന്നാണ് കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ നിന്നും ഇനി മത്സരിക്കരുതെന്നും ഈ വിഭാഗം ആഗ്രഹിക്കുന്നുണ്ട്.
കണ്ണൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളില്‍ യുവ പ്രാതിനിത്യം ഉറപ്പു വരുത്തിയാല്‍ ഇടതു പക്ഷത്ത് നിന്നും ഈ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം യുവ തുര്‍ക്കികള്‍ക്കുണ്ടെങ്കിലും സിറ്റിംഗ് എം.പിമാര്‍ ആരും തന്നെ പിന്മാറാന്‍ തയ്യാറാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള നേതാവാണ് മുല്ലപ്പള്ളി. കെ.വി.തോമസ്, ശശി തരൂര്‍, കെ.സി വേണുഗോപാല്‍ എന്നിവരും തങ്ങള്‍ ഒരിക്കല്‍ കൂടി എം പിമാരായാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഇടതുപക്ഷത്താകട്ടെ സി.പി.ഐക്ക് തിരുവനന്തപുരം മണ്ഡലം നല്‍കുന്ന കാര്യത്തില്‍ സി.പി.എമ്മില്‍ തന്നെ കടുത്ത അതൃപ്തിയുണ്ട്. ബി.ജെ.പി വലിയ വിജയ സാധ്യത വച്ചു പുലര്‍ത്തുന്ന മണ്ഡലം ആയതിനാല്‍ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയോ അതല്ലെങ്കില്‍ സീറ്റ് വിട്ടുതരികയോ വേണമെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. പൊന്നാനിയിലും പൊതു സമ്മതന്‍ മത്സരിക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. സാധാരണ സി.പി.ഐക്ക് വിട്ടു നല്‍കാറുള്ള മണ്ഡലമാണിത്.
തൃശൂര്‍ മാത്രമാണ് സി.പി.ഐ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലം. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഒരു പരീക്ഷണം നടത്താമെന്നും സി.പി.ഐ കരുതുന്നു. ബാക്കി 16 സീറ്റിലും മത്സരിക്കുക സി.പി.എം തന്നെയാണ്. ഇടുക്കിയില്‍ സിറ്റിംഗ് എം.പി ജോയ്സ് ജോര്‍ജിനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളത്. ചാലക്കുടിയില്‍ പക്ഷേ നടന്‍ ഇന്നസെന്റ് മാറും. ഇത്തവണ പൊതു സ്വീകാര്യതയുള്ള കൂടുതല്‍ സ്വതന്ത്രരെ വിവിധ മണ്ഡലങ്ങളില്‍ മത്സരിപ്പിച്ച് വിജയം ഉറപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
വയനാട് മണ്ഡലത്തിലും ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുക. എം.പി വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ ജനതാദളിനും ഇത്തവണ സീറ്റ് ഉണ്ടാകില്ല.
സിറ്റിംഗ് എം.പിമാരായ കാസര്‍ഗോഡ് നിന്നുള്ള പി.കരുണാകരന്‍, കണ്ണൂരില്‍ നിന്നുള്ള പി.കെ.ശ്രീമതി, ആലത്തൂരില്‍ നിന്നുള്ള പി.കെ ബിജു എന്നിവരെ മത്സരിപ്പിക്കരുതെന്ന അഭിപ്രായത്തിനാണ് സി.പി.എമ്മില്‍ മുന്‍തൂക്കം പാലക്കാട് എം.ബി രാജേഷ് മത്സരിക്കുന്നതിനോട് ജില്ലാ കമ്മറ്റിയിലെ പ്രബല വിഭാഗത്തിന് യോജിപ്പ് ഇല്ലങ്കിലും മണ്ഡലം തന്നെ കൈവിട്ടു പോകുമെന്നതിനാല്‍ ഒടുവില്‍ രാജേഷിന് തന്നെ നറുക്ക് വീണേക്കും. ആറ്റിങ്ങലില്‍ സിറ്റിംഗ് എം.പി സമ്പത്ത് മാറി പുതുമുഖം വരട്ടെ എന്ന തീരുമാനമാണെങ്കില്‍ യുവ പ്രാതിനിത്യത്തിനും സാധ്യതയുണ്ട്.
ബി.ജെ.പി ഇവിടെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ രംഗത്തിറക്കുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ മത്സരം കടുപ്പമാകാനാണ് സാധ്യത. അഭിമാനപ്രശ്നമായി കണ്ട് കൊല്ലം പിടിച്ചെടുക്കാന്‍ സര്‍വ്വ സന്നാഹവുമൊരുക്കിയാണ് ഇവിടെ സി.പി.എം രംഗത്തിറങ്ങിയിരിക്കുന്നത് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവരാന്‍ സ്ഥലം എം.പി പ്രേമചന്ദ്രന്‍ ഇടപെട്ടതായാണ് സി.പി.എം ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ പരനാറി പരാമര്‍ശം നടത്തിയ പ്രേമചന്ദ്രനെ ബി.ജെ.പി ബന്ധത്തില്‍ കൂട്ടി കെട്ടി തോല്‍പ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഇത്തവണ അപ്രഖ്യാപിത കോ-ലീ-ബി സഖ്യം ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉണ്ടാകുമെന്ന് മുന്‍ കൂട്ടി കണ്ടാണ് പ്രവര്‍ത്തനം സി.പി.എം ഏകോപിപ്പിക്കുന്നത്. എന്‍.എസ്.എസ് വോട്ട് നല്ലൊരു വിഭാഗം ബി.ജെ.പി കൊണ്ടു പോകുമെന്ന ആശങ്ക സി.പി.എമ്മിനെ പോലെ തന്നെ കോണ്‍ഗ്രസ്സിനുമുണ്ട്.