എതിരായ നായര്‍ വോട്ടുകള്‍ തിരികെ പിടിക്കും; ആകെ 47% വോട്ട് ഷയര്‍ നേടി എല്‍ഡിഎഫ് തകര്‍ക്കാനാകാത്ത ശക്തിയാകും

തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി. 2019 ലോക്‌സഭ ഇലക്ഷന്‍ നേരിടുന്നതിനുള്ള സന്നാഹമാണ് എല്‍ഡിഎഫ് ഈ തൂരുമാനത്തിലൂടെ ഒരുക്കിയത്. ശബരിമല വിഷയത്തില്‍ നഷ്ടപ്പെട്ട സമുദായങ്ങളുടെ വിശ്വാസവും നാല് ഘടക കക്ഷികളിലൂടെ ആര്‍ജ്ജിക്കാമെന്നും കരുതുന്നു.

എം.പി വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ഐ.എന്‍.എല്‍, ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാല്‍ നൂറ്റാണ്ടിലേറെയായി മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷിയാണ് ഐ.എന്‍.എല്‍. ഏറെക്കാലമായി യു.ഡി.എഫുമായി അകന്നുകഴിയുന്ന ബാലകൃഷ്ണപിള്ളയുടെ എല്‍.ഡി.എഫ് മുന്നണി പ്രവേശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്‍.എസ്.എസ് നേതൃനിരയിലുള്ള ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുക്കുന്നതോടെ ശബരിമല വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പിന്തുണ ഉറപ്പിക്കാന്‍ എല്‍.ഡി.എഫിന് കഴിയും.

തന്റെ കണക്കൂട്ടല്‍ വച്ച് നാല് കക്ഷികള്‍ കൂടി ചേര്‍ന്നാല്‍ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ടാകുമെന്ന് ബാലകൃഷ്ണപിള്ള പ്രസ്താവിച്ചു കഴിഞ്ഞു. അതില്‍ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു.

എന്‍സിപിയുമായുള്ള ലയനകാര്യം ചര്‍ച്ചചെയ്യാന്‍ ജനുവരി 10ന് യോഗം ചേരുമെന്നും പിള്ള പറഞ്ഞു. അയ്യപ്പ ജ്യോതി ബിജെപി സ്പോണ്‍സേര്‍ഡ് പരിപാടിയാണ്. അയ്യപ്പ ജ്യോതിയുടെ കാര്യത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കും. വനിതാ മതിലില്‍ പങ്കെടുക്കും.

എന്‍എസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്. ഗണേഷ്‌കുമാര്‍ മുന്നണിയോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവര്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

2009ല്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ നിന്ന് പോയ വീരേന്ദ്രകുമാര്‍ പക്ഷം അടുത്തകാലത്താണ് മുന്നണിയുമായി വീണ്ടും അടുത്തതും രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫ് പിന്തുണയോടെ വിജയിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ജനനം. എല്‍.ഡി.എഫ് പിന്തുണയോടെ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ കക്ഷികളെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചത്.

ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാടില്ലാതെ കോണ്‍ഗ്രസ് ഉഴലുകയാണ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നഷ്ടം സംഭവിക്കുന്നതും കോണ്‍ഗ്രസിനായിരിക്കും. ബിജെപി തങ്ങളുടെ കഴിഞ്ഞതവണത്തെ വോട്ട് ഷയര്‍ 15%ല്‍ നിന്നും ഉയര്‍ത്തി 20% ആക്കുമെന്നാണ് കരുതുന്നത്. ഈ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്നാകും നഷ്ടപ്പെടുക. അടുത്ത നിയമസഭയില്‍ 47% വോട്ടു നേടി വീണ്ടും പിണറായി അധികാരത്തില്‍ വരുന്നതിന്റെ സൂചനകളാണ് കാണുന്നത്.

സികെ ജാനുവിൻ്റെ പാർട്ടിയുമായും യോജിച്ച് പ്രവർത്തിക്കുന്നതിനാണ് മുന്നണി താരുമാനം എടുത്തിരിക്കുന്നതെന്നാണ് വിവരം. ആദിവാസികളുടെ വോട്ടിലും ഇത് കാര്യമായി പ്രതിധ്വനിക്കും. തകർക്കാൻ കഴിയാത്ത ശക്തിയായി എൽഡിഎഫ് മാറുന്നതാണ് വരും ദിനങ്ങളിൽ കാണാൻ കഴിയുക.

Top