തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയം ശബരിമല വിഷയത്തില്‍ കലങ്ങി മറിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ പ്രബലരെ തന്നെ മതസരത്തിനിറക്കാന്‍ തയ്യാറെടുക്കുകയാണ് മുന്നണികള്‍. വമ്പന്മാരെ കളത്തിലിറക്കി മത്സരം കൊഴുപ്പിക്കാനാണ് രണ്ട് പ്രമുഖ മുന്നണികളും ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ പ്രമുഖനും സിറ്റിംഗ് എം.പിയുമായ കെ.സി. വേണുഗോപാലിനെ എതിരിടാന്‍ ഇടതുമുന്നണി ആലപ്പുഴയില്‍ ധനകാര്യമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ആലപ്പുഴയിലെ കരുത്തനുമായ തോമസ് ഐസക്കിനെ കളത്തിലിറക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇടത് മന്ത്രിമാരെ തന്നെ കളത്തിലിറക്കി ലോക്‌സഭയില്‍ മേല്‍ക്കൈ നേടാനാണ് ഇടത്പക്ഷത്തിന്റെ ശ്രമം.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായതോടെ കളരി ദേശീയരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കുമെന്ന പ്രചാരണവും ശക്തമാണ്. ഇടുക്കിയും പരിഗണിക്കുന്നുണ്ട്.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുത്ത് പകരം ഇടുക്കി മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് നീക്കം. ഇടുക്കിയില്‍ അങ്ങനെയെങ്കില്‍ മറ്റൊരു വമ്പനായ പി.ജെ. ജോസഫിനെ കളത്തിലിറക്കി മാണി ഇടത് ക്യാമ്പിനെ ഞെട്ടിക്കുമെന്നും കേള്‍ക്കുന്നു. ഇടത് സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജ് ആണ് അവിടെ സിറ്റിംഗ് എം.പി.
മലപ്പുറത്തും പൊന്നാനിയിലും വീണ്ടും കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ത്ഥികളാകും. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിയില്‍ ആലോചനയുണ്ട്. ഇടത് മന്ത്രി തന്നെ സ്ഥാനാര്‍ത്ഥിയായാല്‍ ഇടത് മുന്നണിക്ക് ബാധ്യതയാകുമെന്ന് സംസാരവും ഉയരുന്നുണ്ട്.
എറണാകുളത്ത് കെ.വി. തോമസ് വീണ്ടും മത്സരിക്കാനുള്ള കരുനീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോള്‍ മറ്റൊരു സിറ്റിംഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഇത്തവണ പിന്മാറിയേക്കുമെന്നും പ്രചാരണമുണ്ട്.
സി.പി.എമ്മില്‍ നിന്ന് എ.സമ്പത്ത്, പി.കെ. ബിജു, എം.ബി. രാജേഷ് എന്നിവര്‍ വീണ്ടും മത്സരിച്ചേക്കും. ചാലക്കുടിയില്‍ ഇന്നസെന്റിന് പകരം പെരുമ്പാവൂരിലെ മുന്‍ എം.എല്‍.എ സാജു പോള്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് തുടങ്ങിയ പേരുകള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലത്ത് ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രനെ എതിരിടാന്‍ കെ.എന്‍. ബാലഗോപാലിനെ സി.പി.എം കളത്തിലിറക്കുമെന്ന പ്രചാരണവും ശക്തം.
തിരുവനന്തപുരത്ത് ഡോ.ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ആയിരിക്കും കോണ്‍ഗ്രസ് നിരയില്‍ വീണ്ടും പോരിനിറങ്ങുന്ന മറ്റ് വമ്പന്മാര്‍.