സിന്ധ്യയ്ക്കും വിജയം..കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ന്യുഡൽഹി:എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാജ്യസഭയിലേക്ക്.കോണ്‍ഗ്രസിന്‍റെ ആ ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയം കണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം. തങ്ങള്‍ നിര്‍ത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് രാജസ്ഥാനില്‍ നിന്നും വിജയിച്ച് രാജ്യസഭയിലേക്ക് എത്തുന്നത്.200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. 12 സ്വതന്തരുടേയും മറ്റ് കക്ഷികളുടേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും ബിജെപിക്കെതിരായ നിലപാട് സ്വീകരിച്ച് സര്‍ക്കാറിനൊപ്പം നിലകൊണ്ടുവെന്നാണ് സൂചന.

വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടോടെയാണ് വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി കൂറുമാറ്റത്തിനു ശ്രമിക്കുന്നെന്ന ആരോപണമുയർന്ന സംസ്ഥാനത്തുനിന്നു പ്രതീക്ഷിച്ചപോലെ കോൺഗ്രസിന്റെ രണ്ടു സ്ഥാനാർഥികളും ബിജെപിയുടെ ഒരു സ്ഥാനാർഥിയും വിജയം കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് ഒഴിവുകളിലേക്കു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടു വീതം സ്ഥാനാർഥികളാണു മൽസരിച്ചത്. 200 അംഗ നിയമസഭയിൽ ഒരാൾക്കു ജയിക്കാൻ വേണ്ടിയിരുന്നത് 51 ആദ്യ വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ വേണുഗോപാൽ– 64, നീരജ് ഡാങ്കി– 59 ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് – 54, ഓങ്കാർ സിങ് ലഖാവത് –20 എന്നീ ക്രമത്തിൽ വോട്ടു നേടി. ഒരു ബിജെപി എംഎൽഎയുടെ വോട്ട് അസാധുവായപ്പോൾ ആശുപത്രിയിലായിരുന്ന മന്ത്രി ബൻവർലാൽ മേഘ്‌വാളും ഒരു സിപിഎം എംഎൽഎയ്ക്കും വോട്ടു ചെയ്തില്ല.


അതിനിടെ കോൺഗ്രസ് എംഎൽഎ വാജിബ് അലിക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. ഓസ്ട്രേലിയയിൽനിന്നു വ്യാഴാഴ്ച മടങ്ങിയെത്തിയ അദ്ദേഹം ക്വാറന്റീൻ നിയന്ത്രണങ്ങൾ പാലിക്കാതെ വോട്ടു ചെയ്യാനെത്തിയതിനെതിരെയാണു കേസ്. അലിയോട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടപ്രകാരം പിപിഇ കിറ്റ് ധരിച്ചാണു വോട്ടു ചെയ്തത്. അതേസമയം നിയന്ത്രണങ്ങൾ പാലിച്ചുവെന്നും കോവി‍ഡ് 19 പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് അറിഞ്ഞ ശേഷമാണ് വോട്ടു ചെയ്യാനെത്തിയതെന്നും വാജിബ് അലി പറഞ്ഞു.

കുതിരക്കച്ചവടെ ഭയന്നു ആദ്യം കോൺഗ്രസും പിന്നാലെ ബിജെപിയും തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ റിസോർട്ടുകളിലേക്കു മാറ്റിയിരുന്നു. അവിടെനിന്നു രാവിലെ വോട്ടെടുപ്പിനായി എംഎൽഎമാരെ ഇരു പാർട്ടികളും ബസിലാണ് എത്തിച്ചത്. മധ്യപ്രദേശിൽ നിന്ന് ബിജെപിയുടെ ജോതിരാദിത്യ സിന്ധ്യയും സുമേർ സിങ് സോളങ്കിയും കോൺഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങും വിജയിച്ചു. ആന്ധ്രപ്രദേശിൽ നാലു സീറ്റുകളും വൈഎസ്ആർ കോണ്‍ഗ്രസ് നേടി. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റ് ഷിബു സോറനും ബിജെപി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശും വിജയിച്ചു.

ഇത് മൂന്നാം തവണയാണ് കെസി വേണുഗോപാല്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്. 2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കെസി വേണുഗോപാല്‍. രണ്ടാം യുപിഎ മന്ത്രിസഭയില്‍ 2011 ജനുവരി 19 മുതല്‍ ഊർജ്ജ സഹമന്ത്രിയും 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയുമായിരുന്നു.നിലവില്‍ പാര്‍ട്ടി അധ്യക്ഷ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ ഏറ്റവും സുപ്രധാനമായ പദവി വഹിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. വ്യക്തമായ ചില പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു രാജസ്ഥാനില്‍ നിന്നും കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Top