
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2024 മുതല്‍ ഒന്നിച്ചു നടത്തണമെന്നു വീണ്ടും നീതി ആയോഗ്. രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും നിര്‍ദേശത്തെ അനുകൂലിക്കുന്നുണ്ട്.നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്‍റെ കഴിഞ്ഞ യോഗത്തില്‍ അവതരിപ്പിച്ച ത്രിവര്‍ഷ നയരൂപീകരണ കരടു രേഖയിലാണു പ്രധാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന് ആവര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം ഭരണനടപടികള്‍ തടസപ്പെടുന്നത് ഒഴിവാക്കാനും പൊതുഖജനാവിലെ പണം വലിയ തോതില്‍ ലാഭിക്കാനും കഴിയുമെന്നു വിലയിരുത്തിയാണു ശിപാര്‍ശ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,100 കോടി രൂപയാണു ചെലവായത്. എന്നാല്‍, 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ചെലവ് 4,000 കോടി രൂപയായി ഉയര്‍ന്നുവെന്നാണു കണക്ക്.
അതേസമയം, ഒന്നിച്ചു തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനു പല സാങ്കേതിക പ്രശ്നങ്ങളുമുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഏതാനും സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടിവരും.ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി നീട്ടേണ്ടതായും വരും. ഇതിനു ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യപടിയായി പകുതി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്നാണു കമ്മീഷന്‍റെ ശിപാര്‍ശ.