
സ്വന്തം ലേഖകൻ
കൊച്ചി: ഹൈക്കോടതിയിൽ സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്വന്തം കേസ് ഒരു കന്യാസ്ത്രീ സ്വയം വാദിക്കുന്നത്.
കോൺവന്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകിയെന്നും കീഴ്‌ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ഹൈക്കോടതിയിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സിസ്റ്റർ ലൂസി കളപ്പുര സ്വയം കേസ് വാദിക്കാൻ തയ്യാറായത്. ഇതിന് പുറമെ സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്നും ലൂസി കളപ്പുര പറയുന്നു.
കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാ നേതൃത്വം എന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തന്റെ നിലപാട് പറയുകയും ചെയ്യുകയാണെന്നും ലൂസി പറയുന്നു.
ഹൈക്കോടതിയിൽ ലൂസി കളപ്പുര നൽകിയ ഹർജി പ്രകാരം അവർക്ക് സുരക്ഷ ഉറപ്പാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തിൽ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു.