
ന്യൂദല്‍ഹി: അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കല്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ വിധിപറയവേയായിരുന്നു ചന്ദ്രചൂഢിന്റെ പരാമര്‍ശം.അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നുമുള്ള വാദങ്ങള്‍ കേസില്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചന്ദ്രചൂഢിന്റെ നിരീക്ഷണം.
’10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒരുതരം തൊട്ടുകൂടായ്മയാണ്. സ്ത്രീകളുടെ ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മതങ്ങള്‍ക്ക് നിരാകരിക്കാനാവില്ല. സ്ത്രീകളെ ഒരു താഴ്ന്ന ദൈവത്തിന്റെ മക്കളായി കാണുന്നത് ഭരണാഘടനയുടെ ധാര്‍മ്മികതയ്ക്കുനേരെയുള്ള കണ്ണടയ്ക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം മതമെന്നത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒന്നാണെന്നും സ്ത്രീകളെ ഇതില്‍ നിന്നും വിലക്കുന്നത് അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.
ഇന്നാണ് സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. അതിനോടൊപ്പം ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും കോടതി വ്യക്തമാക്കി.ഇതോടെ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി. ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ടുള്ള ചട്ടമാണ് റദ്ദാക്കിയത്.
ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇതോടുകൂടി നൂറ്റാണ്ടുകളായി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീകളോടുള്ള ജൈവീകമായ വിവേചനമാണ് എടുത്തുമാറ്റപ്പെട്ടത്.സുപ്രീം കോടതി സ്ത്രീകളെ ചെറുതായോ ദുര്‍ബലരായോ കാണേണ്ടതില്ലെന്നും ഇരട്ട നയം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണെന്നും ശാരീരിക ജൈവിക കാരണങ്ങള്‍ വിശ്വാസത്തിന് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് താഴെയല്ല. ശബരിമല വിശ്വാസി സമൂഹം എന്ന പ്രത്യേക ഗണമില്ലെന്നും എന്‍.എസ്.എസും ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടുള്ളവര്‍ ഉന്നയിച്ച വാദങ്ങളെ തള്ളി സുപ്രീം കോടതി നിരീക്ഷിച്ചു.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാര്‍ക്കും ഒരു അഭിപ്രായവും ഇന്ദു മല്‍ഹോത്രയ്ക്ക് മാത്രം മറ്റൊരു അഭിപ്രായവുമായിരുന്നു.ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
അതേസമയം സുപ്രീം കോടതി വിധി ഹൈന്ദവ സമൂഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണെന്ന് യോഗക്ഷേമ സഭ. ആചാര അനുഷ്ഠാനങ്ങളെയും ശബരിമലയുടെ പവിത്രതയെയും പഠിക്കാതെയുള്ള വിധിയാണ് ഇത്. വിധിയെ ഹൈന്ദവ സമൂഹം നിയമം വഴിയും പ്രത്യക്ഷമായും ഒന്നായി നേരിടണമെന്നും യോഗക്ഷേമ സഭ പറഞ്ഞു.
വിശ്വാസികളായ ഭക്ത ജനങ്ങൾക്ക് വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ് ഠരര് രാജീവരര് പ്രതികരിച്ചു. ശബരിമലയിലെ പരമ്പരാഗത ആചാരം നിലനിർത്തണമെന്നായിരുന്നു തന്ത്രി കുടുംബത്തിന്‍റെ ആഗ്രഹമെന്നും കണ് ഠരര് രാജീവരര് ജനം ടിവിയോട് പറഞ്ഞു.
അതേസമയം, ശബരിമല യുവതി പ്രവേശനത്തിന്‍റെ വിധിന്യായം പരിശോധിക്കാൻ ദേവസ്വം ലോ ഓഫീസറെ ചുമതലപ്പെടുത്തി. വിധി പ്രസ്താവം പുന:പരിശോധിക്കാൻ നിയമ സാധ്യത ഉണ്ടോയെന്ന് നോക്കാൻ നിർദ്ദേശം. മുപ്പതാം തീയതി ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.