അഹമ്മദാബാദ്: രാജ്യത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ലൗ ജീഹാദ് നീണ്ട ഇടവേളയ്ക്ക് ശേഷം ദേശിയ തലത്തില്‍ കത്തിപടരുന്നു. അമുസ്ലീങ്ങളെ പ്രണയം നടിച്ച് മതംമാറ്റുന്നുവെന്ന ഹിന്ദുസംഘടനകളുടെ പ്രചരണത്തോടെ ഏറെ വിവാദമായ ലൗജീഹാദ് ഇക്കുറി വാര്‍ത്തകളിലിടം പിടിക്കുന്നത് വര്‍ഗീയ കലാപങ്ങളുടെയും സംഘപരിവാര സംഘടനകളുടെയും ശക്തികേന്ദ്രമായ ഗുജറാത്തിലാണ്. കേരളത്തിലെ മുസ്ലീം സംഘടനകള്‍ക്കെതിരെ ആരംഭിച്ച ലൗജീഹാദ് പ്രചരണം പീന്നിട് സംഘപരിവാര സംഘടനകള്‍ ദേശീയ തലത്തില്‍ ഏറ്റെടുക്കുകയായിരുന്നു.
സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പിലൂടെ എസ്എംഎസ് വഴിയാണ് ലൗ ജിഹാദ് ആഹ്വാനം പ്രചരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഇതോടെ സംഭവം ദേശീയ തലത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കും വഴിവച്ചിരിക്കുകയാണ്. അന്യമതത്തില്‍നിന്നു പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന മുസ്‌ലിം യുവാക്കള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം നല്‍കുന്ന സന്ദേശമാണു പ്രചരിക്കുന്നത്.
സ്റ്റുഡന്‍സ് ഓഫ് മുസ്‌ലിം യൂത്ത് ഫോറം എന്ന സംഘടനയുടെ പേരിലാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. മറ്റ് വിഭാഗങ്ങളിലുള്ള പെണ്‍കുട്ടികളെ പ്രേമിച്ച് വലയിലാക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശത്തില്‍ മതവിഭാഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ പ്രതിഫലവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹിന്ദു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അഞ്ചു ലക്ഷമാണു വാഗ്ദാനം. എന്നാല്‍ സിക്ക് പഞ്ചാബ് പെണ്‍കുട്ടിയെ വിവാഹം ചെയ്താല്‍ ഏഴു ലക്ഷം രൂപ ലഭിക്കും. ഹിന്ദു ക്ഷത്രിയ പെണ്‍കുട്ടിയാണെങ്കില്‍ 4.5 ലക്ഷം രൂപയും ഗുജറാത്ത് ബ്രാഹ്മണ യുവതിയാണെങ്കില്‍ ആറു ലക്ഷവും നല്‍കും. പഞ്ചാബി ഹിന്ദു ആണെങ്കില്‍ ആറു ലക്ഷം രൂപയും ക്രിസ്ത്യന്‍ റോമന്‍ കത്തോലിക്കാ പെണ്‍കുട്ടിക്ക് നാലു ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കും ജൈനമതക്കാര്‍ക്കും ഗുജറാത്തി കച്ച് വിഭാഗങ്ങള്‍ക്കും മൂന്നു ലക്ഷം രൂപയാണ് മോഹവില.
വിജയകരമായി വിവാഹം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിഫലം കൈപ്പറ്റുന്നതിനായി നാല് വിലാസങ്ങളും 11 മൊബൈല്‍ നമ്പരുകളും സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവ സംഘടനകളാണെന്ന് മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നു.