വാലന്റൈന്‍സ് ദിനത്തില്‍ രാജ്യത്ത് സദാചാര വാദികളുടെ അഴിഞ്ഞാട്ടം. ഹൈദരാബാദിലെ ഒരു പാര്‍ക്കില്‍ കൂട്ടമായെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. വാലന്റൈസ് ദിനത്തില്‍ പരസ്പരം സംസാരിക്കുവാനായി പാര്‍ക്കിലെത്തിയ കമിതാക്കളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ താലി കെട്ടിച്ച് വിവാഹം കഴിപ്പിച്ചു. ഹൈദരാബാദിലെ കണ്ട്‌ലാകോയ ഓക്‌സിജന്‍ പാര്‍ക്കിലാണ് സംഭവം അരങ്ങേറിയത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
അതേ സമയം കമിതാക്കള്‍ക്കും വിവാഹം കഴിച്ചതിന് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൈദരബാദിലെ തെരുവുകളില്‍ വാലന്റൈന്‍സ് ഡേയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറാറുണ്ട്, വഴിയില്‍ കാണുന്ന പ്രണയിതാക്കളെ തല്ലി ഓടിക്കുകയും മറ്റു ചിലരെ വിവാഹം കഴിപ്പിച്ചയക്കുന്നതും ഇവിടെ പതിവാണ്.
കഴിഞ്ഞ വര്‍ഷം വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ സാധിക്കാതെ വന്ന ഒരു കാമുകിയും കാമുകനും വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ക്ക് മുന്നിലേക്ക് ചെന്നിറങ്ങിയതും പ്രതിഷേധക്കാര്‍ വിവാഹം കഴിച്ച് നല്‍കിയതും വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.