ഭോപ്പാൽ: ഇക്കുറി ഏത് വിധേനയും മധ്യപ്രദേശിൽ അധികാരം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കർണാടകയിൽ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഭരണം തിരിച്ച് പിടിക്കാനുള്ള തന്ത്രങ്ങളും കോൺഗ്രസ് ആവിഷ്കരിച്ച് കഴിഞ്ഞു.2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അട്ടിമറി വിജയം സ്വന്തമാക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്.
15 വർഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച്, 114 സീറ്റുകളോടെയായിരുന്നു കോൺഗ്രസ് വിജയം. എന്നാൽ 2020 ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ ‘ഓപ്പറേഷൻ കമല’യിലൂടെ ബി ജെ പി അധികാരത്തിൽ നിന്നും താഴെയിറക്കി. കമൽനാഥും യുവ നേതാവുമായ ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി ആയുധമാക്കിയായിരുന്നു ബിജെപിയുടെ ഈ അട്ടിമറി. സിന്ധ്യയ്ക്കൊപ്പം 26 ഓളം എംഎൽഎമാരെയായിരുന്നു ബി ജെ പി അന്ന് മറുകണ്ടം ചാടിച്ചത്.
കർണാടകയിൽ ഒരു പ്രത്യേക നേതാവിനേയും ഉയർത്തിക്കാട്ടാതെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമാന രീതിയിൽ തന്നെ ഇത്തവണ മധ്യപ്രദേശിലും ഏതെങ്കിലും നേതാവിനെ മുന്നിൽ നിർത്തിയായിരിക്കില്ല തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ‘ഏതെങ്കിലും മുഖങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ ഉയർത്തിക്കാട്ടുക’, പത്രസമ്മേളനത്തിൽ പവൻ ഖേര പറഞ്ഞു.
മധ്യപ്രദേശിലെ അടുത്ത ഭരണം കളവ് നടത്തുന്നവരുടെ സർക്കാരായിരിക്കില്ല. തിരഞ്ഞെടുപ്പ് വിജയിച്ച് ഞങ്ങൾ അധികാരത്തിൽ എത്തുക തന്നെ ചെയ്യും. സംസ്ഥാനത്തെ പ്രശ്നങ്ങൾ മുൻനിർത്തിയായിരിക്കും മത്സരിക്കുക. ഏതെങ്കിലും നേതാവിനെ മുന്നിൽ നിർത്തി മത്സരിക്കണമെന്നത് മാധ്യമങ്ങൾക്ക് എന്തിനാണ് നിർബന്ധം’, മാധ്യമങ്ങളുടെ ചോദ്യത്തിന് പവൻ ഖേര പറഞ്ഞു. ‘രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ വെച്ച് അദ്ദേഹത്തോട് ഇവിടുത്തെ ജനങ്ങൾ നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. വിലപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, സ്ത്രീ സുരക്ഷ ഇങ്ങനെ നിരവധി കാര്യങ്ങൾ. ഇതെല്ലാം ജനങ്ങളാണ് പരാതിപ്പെട്ടത്, അല്ലാതെ കോൺഗ്രസ് അല്ല’ , അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണമെന്നതാണ് അവർ ആഗ്രഹിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന്റെ മുൻ കാല ഭരണത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഇപ്പോഴും അതേ പടി നിലനിൽക്കുന്നുണ്ട്. എങ്ങനെയാണ് 400 രൂപയുണ്ടായിരുന്ന പാചക വാതകത്തിന് 1100 രൂപയിലെത്തിയെന്നതാണ് ജനം ചോദിക്കുന്നത്. ബി ജെ പി സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ നോക്കുകയാണ്. അവർ തങ്ങളുടെ സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഉള്ള ശ്രമത്തിലാണ്’, പവൻ ഖേര കുറ്റപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ കണ്ടതെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനതെയും പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും അത് പരിഹരിക്കാനും കഴിയുന്ന നേതാവിനെയാണ് ജനം ഉറ്റ് നോക്കുന്നത്. അല്ലാതെ തന്റെ മനസിലെ കാര്യങ്ങൾ അവർക്ക് മേൽ അടച്ചേൽപ്പിക്കുന്ന നേതാവല്ല’, മോദിയെ വിമർശിച്ച് സുപ്രിയ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ബി ജെ പിയേയും കോൺഗ്രസിനേയും സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ ഭരണം കൈപ്പിടിയിലാക്കുകയെന്നതാണ് കോൺഗ്രസ് തന്ത്രം. ഇതിനോടകം തന്നെ വിവിധ വാഗ്ദാനങ്ങളും കോൺഗ്രസ് സംസ്ഥാനത്ത് പ്രഖ്യാപിച്ച് കഴിഞ്ഞു. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, എല്ലാ മാസവും സ്ത്രീകൾക്ക് 1500 രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, 200 യൂണിറ്റ് വരെ വൈദ്യുതിക്ക് പകുതി പൈസ്, കാർഷിക വായ്പ എഴുതി തള്ളൽ, പഴയ പെൻഷൻ സ്കീം നടപ്പാക്കും തുടങ്ങിയവയാണ് കോൺഗ്രസ് വാഗ്ദാനങ്ങൾ.