ഭോപ്പാല്‍: തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാണ് സ്ഥാനാര്‍ത്ഥികള്‍. മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ മത്സരമാണ് സ്ഥാനാര്‍ത്ഥികളെ ചാക്കിലാക്കാന്‍. ഷൂ പോളീഷ് ചെയ്യലും ചെരുപ്പ് വിതരണം നടത്തലുമൊക്കെയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളും സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്രീയ ആം ജന്‍ പാര്‍ട്ടിയുടെ ശരത് സിങ് കുമാറാണ് സ്ഥാനാര്‍ത്ഥികളെ ചാക്കിലാക്കാന്‍ വേറിട്ട മാര്‍ഗങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ശരത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഷൂവാണ്. അതുകൊണ്ട് പ്രചരണത്തിനിടയില്‍ മുന്നിലെത്തുന്നവരുടെ ഷൂ പോളീഷ് ചെയ്തു കൊടുത്ത് വോട്ടു ചോദിക്കുകയാണിപ്പോള്‍ ശരത്ത്. സ്വതന്ത്രസ്ഥാനാര്‍ഥി അകുല ഹനുമന്തും ശരത്തിന്റെ പാത പിന്തുടരുന്നുണ്ട്. വള്ളിച്ചെരുപ്പാണ് ഹനുമന്തിന്റെ ചിഹ്നം. വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിനൊപ്പം വിജയിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കില്‍ ചെരുപ്പുകൊണ്ട് തല്ലിക്കോളൂ എന്ന ഒരു കുറിപ്പും കൊടുക്കുന്നുണ്ട് ഹനുമന്ത്.
തന്റെ ചിഹ്നം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ അനുഗ്രഹമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശരത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഷൂവായതിനാല്‍ മറ്റൊരു കക്ഷിയും തിരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിക്കാന്‍ ഒരുക്കമില്ലായിരുന്നുവെന്നും താനത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്നും ശരത് പറയുന്നു.
നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപിക്കുന്ന സംസ്ഥാനത്ത് അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.