ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തെറ്റായ വിവരങ്ങള്‍ നല്‍കി നീതിപീഠത്തെ കബളിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും യഥാര്‍ഥവിവരം നല്‍കണമെന്ന കോടതിയുടെ നിരന്തരമായ മുന്നറിയിപ്പ് നിത്യാനന്ദ വകവെച്ചില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാനാണ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. കോടതിനടപടികള്‍ മൊൈബല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സന്ദേശമയയ്ക്കാന്‍ ശ്രമിച്ച നിത്യാനന്ദയുടെ ശിഷ്യനെയും കോടതി ശാസിച്ചു. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും നിര്‍ദേശിച്ചു. കോടതിനടപടികള്‍ പകര്‍ത്താന്‍ ആരാണ് അനുമതിനല്‍കിയതെന്ന് ജസ്റ്റിസ് ചോദിച്ചു.
നിത്യാനന്ദയില്‍നിന്ന് മധുരമഠം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം. ജഗദല്‍പ്രതാപന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിത്യാനന്ദ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. സത്യസന്ധമായി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ പലതവണ കോടതി ആവശ്യപ്പെട്ടപ്പോഴും നിത്യാനന്ദ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് കോടതി സ്വമേധയാ ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു. ഹര്‍ജിയില്‍ തുടര്‍വാദം ബുധനാഴ്ചത്തേക്ക് നീട്ടി.
മൈതാനമാണ് കോടതി എന്നുകരുതരുത്. നിങ്ങളുടെ ആശ്രമത്തെക്കുറിച്ചുള്ള നൂറുകണക്കിന് പരാതികള്‍ കോടതിയുടെ പരിഗണനയിലാണ് -ജസ്റ്റിസ് മഹാദേവന്‍. മുമ്പ് ഒരു സിനിമാ നടിയുമായുള്ള ലൈംഗീക രംഗങ്ങള്‍ പുറത്ത് വന്നതിനെത്തുടര്‍ന്ന് നിത്യാനന്ദ വിവാദത്തിലാകുകയും കേസില്‍ കുടുങ്ങുകയും ചെയ്തിരുന്നു.