ചത്തീസ്ഗഢിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലെ ഭരണവും കൈപ്പിടിയിലൊതുക്കി കോണ്‍ഗ്രസ്. 24 മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവില്‍ മധ്യപ്രദേശിന്റെ പൂര്‍ണമായ ഫലം പുറത്തുവന്നപ്പോള്‍ 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2013ല്‍ 165 സീറ്റുനേടിയ ബിജെപി 109 സീറ്റിലേക്ക് ചുരുങ്ങി. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്റെ കുറവുണ്ട്. ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവര്‍ണറെ കാണാന്‍ അവര്‍ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു. എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ആനന്ദിബെന്‍ പട്ടേലിന്റെ നിലപാട്. ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് രാത്രി തന്നെ ഗവര്‍ണറെ കണ്ടിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കാനാണ് ബിജെപിയുടെയും തീരുമാനം. മധ്യപ്രദേശില്‍ വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥികള്‍ . ഭഗവന്‍പുര- കേദാര്‍ ചിദാഭായ്. ബുര്‍ഹാന്‍പൂര്‍- ഠാക്കൂര്‍ സുരേന്ദ്ര സിങ്. ബരാസിയോണി- പ്രദീപ് ജെയ്‌സ്‌വാള്‍-കോണ്‍ഗ്രസ് വിമതന്‍ . സുസ്‌നര്‍- സിങ് റാണാ- കോണ്‍ഗ്രസ് വിമതന്‍. അതേസമയം, ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ലീഡുചെയ്യുന്ന ഒരു മണ്ഡലത്തിലെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. നിലവിലെ സ്ഥിതിയനുസരിച്ച് കോണ്‍ഗ്രസ് 67 സീറ്റിലും ബിജെപി 15 സീറ്റിലും വിജയിച്ചു.
രാജസ്ഥാനിലെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്- രാഷ്ട്രീയ ലോക്ദള്‍ സഖ്യം കേവല ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന് 99 ലും ആര്‍എല്‍ഡി ഒരു സീറ്റിലുമാണ് ജയിച്ചത്. 100 സീറ്റാണ് രാജസ്ഥാനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. 10 കോണ്‍ഗ്രസ് റിബലുകളും ഇവിടെ ജയിച്ചിട്ടുണ്ട്. ബിജെപി 73 സീറ്റുകളിലേക്ക് ഒതുങ്ങി. മിസോറമില്‍ തുടക്കം മുതലേ വ്യക്തമായ ഭൂരിപക്ഷത്തോടെ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്) ശക്തി തെളിയിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ മതിയെന്നിരിക്കെ 26 സീറ്റു നേടിയ എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കും. അഞ്ചു സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഇവിടെ മുഖ്യ പ്രതിപക്ഷം. തെലങ്കാനയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനത്തോടെ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ കൂടമി സഖ്യത്തിന് ഇവിടെ ചലനം സൃഷ്ടിക്കാനായില്ല.