മുംബൈ : ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് പ്രഖ്യാപിച്ച് 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി എത്തിയ കര്‍ഷകര്‍ തിങ്കളാഴ്ച മുംബൈയില്‍ മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷംസമരഭടന്മാരുമായി ഞായറാഴ്ച മുംബൈയിലെത്തി.
സി.പി.എമ്മിന്റെ കര്‍ഷകവിഭാഗമായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ തിങ്കളാഴ്ച നിയമസഭാമന്ദിരം ഉപരോധിക്കും. സമരത്തില്‍ ജനജീവിതം നിശ്ചലമാകാന്‍ തുടങ്ങിയതോടെ കര്‍ഷകനേതാക്കളുമായി ചര്‍ച്ചയ്ക്ക് മന്ത്രി ഗീരിഷ് മഹാജനെ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കായി അഞ്ച് പ്രതിനിധികളെ നിയോഗിക്കാന്‍ കിസാന്‍ സഭയോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അഭ്യര്‍ഥിച്ചു.
എഴു ദിവസംകൊണ്ട് 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് അരലക്ഷത്തോളം കര്‍ഷകര്‍ നഗരത്തില്‍ എത്തിയത്.
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി. സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി വരള്‍ച്ചയ്ക്ക് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
ചെങ്കൊടിയും ചുവന്ന തൊപ്പിയും പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് ആദിവാസികളും ഇതിലുള്‍പ്പെടുന്നു. കിലോമീറ്ററുകള്‍ നടന്ന് പലരുടെയും കാലുകളും ചെരുപ്പുകളും പൊട്ടി. ചോരയൊലിക്കുന്ന കാലുകളുമായാണ് പൊരിവെയിലത്ത് കര്‍ഷകര്‍ മുംബൈയിലെത്തിയത്.
ആറാംദിവസമായ ഞായറാഴ്ച മുളുണ്ടിലെ ആനന്ദ് നഗറില്‍നിന്ന് രാവിലെ 11-നാണ് മാര്‍ച്ച് ആരംഭിച്ചത്. മുളുണ്ട് ചെക്കിനാക്കയില്‍ പൊതുസമ്മേളനം നടന്നു. ശിവസേനക്കാരനായ സംസ്ഥാനമന്ത്രി ഏക്നാഥ് ഷിന്‍ഡെ കര്‍ഷകരുമായി സംസാരിച്ചു. കിസാന്‍ സഭ അഖിലേന്ത്യാ സെക്രട്ടറി അശോക് ദാവ്ലെ, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഡോ. അജിത് നാവ്ലെ, നാസിക്കില്‍നിന്നുള്ള സി.പി.എം. നിയമസഭാംഗം ജി.പി. ഗാവിത് എന്നിവരും സംസാരിച്ചു. വൈകീട്ട് സയണിലെ സോമയ്യ കോളേജിലാണ് ജാഥ സമാപിച്ചത്.
കര്‍ഷകമാര്‍ച്ചിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍മാരും ആറ് അസിസ്റ്റന്റ് കമ്മിഷണര്‍മാരും നേതൃത്വം നല്‍കുന്നു. ഗതാഗതനിയന്ത്രണത്തിന്റെഭാഗമായി 210 ട്രാഫിക് പോലീസുകാരെ നിയമിച്ചിട്ടുണ്ട്. ബൈക്കുളയിലെ ജീജ മാതാ ഉദ്യാന്‍ വഴിയാണ് മാര്‍ച്ച് തിങ്കളാഴ്ച നഗരത്തിലെത്തുക. നിയമസഭയ്ക്കുമുന്നില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യാനാണ് കിസാന്‍സഭയുടെ പദ്ധതിയെങ്കിലും ആസാദ് മൈതാനത്ത് മാര്‍ച്ച് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. അശോക് ധാവ്ളെ, വിജുകൃഷ്ണന്‍, ഹനന്‍! മൊല്ല, ജിതേന്ദ്ര ചൗധരി എം.പി., മുന്‍ എം.എല്‍.എ. നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്!ലെ തുടങ്ങിയവര്‍ കര്‍ഷകരെ അഭിസംബോധനചെയ്യും.
സമരത്തിനു നേതൃത്വം നല്‍കുന്ന ഇടതുനേതാക്കളുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നൂ നേരത്തേ മുഖ്യമന്ത്രി ഫഡ്നവിസ്. സമരം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം അയഞ്ഞത്.
മുഖ്യമന്ത്രി നേരിട്ടെത്തി കര്‍ഷകനേതാക്കളില്‍നിന്ന് നിവേദനം വാങ്ങുകയും പ്രശ്നപരിഹാരത്തിന് കൃത്യമായി സമയപരിധി പ്രഖ്യാപിക്കുകയും ചെയ്താല്‍ സമരം താത്കാലികമായി നിര്‍ത്തുമെന്നാണു കരുതുന്നത്.