കിസാന്‍ ക്രാന്തി യാത്ര; പോലീസും കര്‍ഷകരും ഏറ്റുമുട്ടി, കര്‍ഷകര്‍ക്ക് നേരെ പോലീസിന്റെ ടിയര്‍ഗ്യാസ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് തടയാന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടാണ് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്ര സംഘടിപ്പിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പദയാത്രക്ക് അനുമതി തേടിയിട്ടില്ല എന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനുള്ള റോഡുകളെല്ലാം തന്നെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ബാരിക്കേഡിന് മുകളിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ഞൂറിലധികം ട്രാക്ടറുകളാണ് സമരക്കാരുടെ കൂടെ ഉള്ളത്.

70000ല്‍ കൂടുതല്‍ കര്‍ഷകരാണ് പദയാത്രയില്‍ അണിനിരന്നിട്ടുള്ളത്. പോലീസ് ഇവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണീര്‍ വാതക ഷെല്ലുകളും ടിയര്‍ഗ്യാസും പ്രയോഗിച്ചു. ഇപ്പോള്‍ പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. കര്‍ഷകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ സമരം തുടരുകയാണ്.

മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം. ഭാരതീയ കിസാന്‍ യൂണിയന്റെ പ്രസിഡന്റ് രാകേഷ് ടികായത്താണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്തിവിടണം എന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

Top