രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണം; എൻസിപി.പവാര്‍ – ഖര്‍ഗെ നിര്‍ണായക കൂടിക്കാഴ്ച.പിന്തുണയ്ക്കണമെങ്കിൽ എൻസിപി മുഖ്യമന്ത്രി വേണമെന്ന് കോൺഗ്രസ്. സമവായമായില്ലെങ്കില്‍ രാഷ്ട്രപതിഭരണം.

മുംബൈ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഉപാധിയുമായി എന്‍സിപി. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ആവശ്യപ്പെട്ടു.അതേസമയം സർക്കാരിനെ പിന്തുണയ്ക്കണമെങ്കിൽ മുഖ്യമന്ത്രി എൻസിപിയിൽ നിന്നാവണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി സൂചന.മഹാരാഷ്ട്രയിൽ പരസ്പരം പഴിചാരി കോൺഗ്രസും എൻസിപിയും, പിന്തുണയ്ക്കണമെങ്കിൽ എൻസിപി മുഖ്യമന്ത്രി വേണം!

സ ര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍സിപി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം എന്‍സിപി നിലപാട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ്പവാര്‍ വ്യക്തമാക്കി. അതേസമയം, ശരദ് പവാറുമായുള്ള ചർച്ചകൾക്കായി അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരെ സോണിയ ഗാന്ധി നിയോഗിച്ചു. മൂവരും ഉച്ചകഴിഞ്ഞു മുംബൈയിലെത്തും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ചേര്‍ന്ന ശേഷം മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുളള നേതാക്കള്‍ മുംബൈയിലെത്തും.

പാര്‍ട്ടി ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്ന് എന്‍സിപി നിയമസഭാകക്ഷി നേതാവ് അജിത് പവാറും അറിയിച്ചു. ശരദ് പവാർ എൻസിപി എംഎല്‍എമാരെ കാണും. അതേസമയം ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസ്– എന്‍സിപി– ശിവസേന സര്‍ക്കാര്‍ യാഥാര്‍ഥ്യമാകുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് കെ. സി. പദ്‌വി പറഞ്ഞു. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഭിന്നത തുടരുകയാണ്.

ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നല്‍കിയ സമയം കഴിഞ്ഞ പശ്ചാത്തലത്തില്‍ എന്‍സിപിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 8.30 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഇതിനകം നടപടികളുണ്ടായില്ലെങ്കില്‍ നാലാം കക്ഷിയായ കോണ്‍ഗ്രസിന് അവസരം നല്‍കിയേക്കും. കോണ്‍ഗ്രസിനും സാധിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, കോണ്‍ഗ്രസ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തി. ശിവസേനയെ മുഖ്യമന്ത്രി പദവിയിലേക്ക് പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരകുയാണ്. ശിവസേനയെ പിന്തുണയ്ക്കുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

എന്‍സിപിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച പുതിയ നിബന്ധന എന്നറിയുന്നു. എന്‍സിപി നേതാവ് മുഖ്യമന്ത്രിയായല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ശിവസേന ഈ സര്‍ക്കാരിനെ പിന്തുണയ്ക്കട്ടെ എന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച തുടരുകയാണ്. ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ മാത്രമേ തങ്ങള്‍ നിലപാട് പരസ്യമാക്കൂ എന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം പിന്നാക്കം നില്‍ക്കുകയാണ്.

പുതിയ സഖ്യസര്‍ക്കാര്‍ വേഗത്തില്‍ സാധ്യമല്ലെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. പൊതുമിനിമം പരിപാടി തയ്യാറാക്കണം. തിടുക്കത്തില്‍ സാധിക്കില്ല. ദിവസങ്ങള്‍ നീണ്ട ചര്‍ച്ച വേണ്ടി വന്നേക്കാം. ഗവര്‍ണര്‍ അനുവദിച്ച സമയം പരിമിതമാണ്. രാഷ്ട്രപതി ഭരണം വന്നാലും ചര്‍ച്ച തുടരുകയും ധാരണയായാല്‍ ഗവര്‍ണറെ സമീപിക്കുകയും ആവാമെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു.

Top