ദില്ലി:മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് നാളെ ഹാജരാക്കണം. നാളെ രാവിലെ 10.30ന് മുന്‍പ് ഹാജരാക്കാനാണ് നിര്‍ദേശം. ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണോയെന്ന് കോടതി പരിശോധിക്കും.തിങ്കളാഴ്ച രാവിലെ 10.30ന് കോടതി ഈ രണ്ട് കാര്യങ്ങളും പരിശോധിക്കും. ശേഷം ഹര്‍ജികളില്‍ വിധി പറയും.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണോ? രാഷ്ട്രപതി ഭരണം നിലനില്‍ക്കെ ഗവര്‍ണര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ നടപടികള്‍ സ്വീകരിച്ചത്? എന്നീ കാര്യങ്ങളിലാണ് തിങ്കളാഴ്ച സുപ്രീംകോടതി തീരുമാനമെടുക്കുക. ഗവര്‍ണറുടെ ഉത്തരവും ഫട്‌നാവിസിന് പിന്തുണ അറിയിച്ചുള്ള എംഎല്‍എമാരുടെ കത്തും തിങ്കളാഴ്ച 10.30ന് കോടതിയില്‍ ഹാജരാക്കാന്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമാണ് ഹരജി സമര്‍പ്പിച്ചത്. ബി.ജെ.പിക്ക് വേണ്ടി മുഗുള്‍ റോത്തഗിയാണ് ഹാജരായത്. പ്രതിപക്ഷത്തിന് വേണ്ടി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ഹാജരായി. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം മഹാരാഷ്ട്രാ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ കൗതുകകരമായ നിരീക്ഷണങ്ങളുമായി ജസ്റ്റിസ് എന്‍.വി രമണ. കോടതിയില്‍ ആകാശം മാത്രമാണു പരിധിയെന്നും ആര്‍ക്കും എന്തു വേണമെങ്കിലും ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു.ആര്‍ക്കും ആരെ വേണമെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് തുഷാര്‍ മേത്ത വാദം നടത്തവെയായിരുന്നു രമണ ഇങ്ങനെ പറഞ്ഞത്.
എല്ലാ കേസുകളിലും സുപ്രീം കോടതി രണ്ടുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ എന്തു ചെയ്യുമെന്ന് ബി.ജെ.പിക്കു വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചോദിച്ചു. അങ്ങനെയുണ്ടായാല്‍ തങ്ങള്‍ക്ക് അത്ഭുതമില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ മറുപടി.ഗവര്‍ണറുടെ തീരുമാനം ജുഡീഷ്യല്‍ റിവ്യൂവിന്റെ പരിധിയില്‍ വരുന്നതല്ലെന്നു റോത്തഗി ചൂണ്ടിക്കാട്ടിയപ്പോള്‍, ഗവര്‍ണര്‍ക്ക് ആരെയും നിയമിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ് രമണയുടെ പ്രതികരണം.