മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം…

ന്യുഡൽഹി :മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ശുപാര്‍ശ സ്വീകരിച്ച് രാംനാഥ് കോവിന്ദ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. നേരത്തെ തന്നെ എന്‍സിപിക്ക് കൊടുത്ത സമയം അവസാനിക്കുന്നത് മുമ്പ് തന്നെ ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കത്ത് നല്‍കിയിരുന്നു. ഇത് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകരിച്ചത്.സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം.നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയിരുന്നു.

രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു തെറ്റിച്ചാണ് ബി.ജെ.പിക്ക് അനുകൂലമാകും വിധം ഗവര്‍ണറുടെ ശിപാര്‍ശ. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരുമായി വൈകിട്ട് അഞ്ചിന് എൻസിപി നേതാക്കൾ ചർച്ച നടത്തും. ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലാണ് യോഗം. അന്തിമ തീരുമാനത്തിന് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ എൻസിപി കോർ കമ്മിറ്റി ചുമതലപ്പെടുത്തി.

അതേസമയം, സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ബി.ജെ.പിക്ക് 48 മണിക്കൂർ സമയമാണ് അനുവദിച്ചത്. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്നും ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ഹർജിയിൽ ആരോപിക്കുന്നു.ഗവര്‍ണറുടെ നടപടി തെറ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണഘടനയെ അവഹേളിേക്കുന്ന തീരുമാനമാണെന്നും കോണ്‍ഗ്രസ്. അതേ സമയം കോണ്‍ഗ്രസും എന്‍.സി.പിയുമായും ചര്‍ച്ച തുടരുമെന്ന് ശിവസേന അറിയിച്ചു.

അതേസമയം നേരത്തെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ രണ്ടാമതൊരു ഹര്‍ജി കൂടി സുപ്രീം കോടതിയില്‍ നല്‍കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ശിവസേന നടത്തുമെന്നാണ് സൂചന. പറഞ്ഞ സമയം അവസാനിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത് നിയമവിരുദ്ധമായ കാര്യമാണ്. ഒരു ഭരണഘടനാ സ്ഥാപനം അനിശ്ചിതത്വത്തിലാവുമ്പോള്‍ മാത്രമാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുക. ബിജെപി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് നേരത്തെ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഗവര്‍ണര്‍ സ്വാഭാവികമായും ശിവസേനയെ വിളിക്കേണ്ടതാണ്. എന്നാല്‍ അവര്‍ക്ക് മതിയായ സമയം നല്‍കാതെ മറ്റൊരു കക്ഷിയെ ക്ഷണിച്ചത് നിയമവിരുദ്ധമാണ്. എന്‍സിപിക്കും മതിയായ സമയം ഗവര്‍ണര്‍ അനുവദിച്ചില്ല. 8.30 വരെയുള്ള സമയവും ഗവര്‍ണര്‍ റദ്ദാക്കി. ഇങ്ങനെ ഗവര്‍ണര്‍ സ്വയമെടുത്ത തീരുമാനം ഭരണഘടനാ പ്രതിസന്ധിയാണെന്ന് വാദിക്കാനാവില്ല. സുപ്രീം കോടതിയില്‍ ഇത് എതിര്‍ക്കപ്പെടാനും സാധ്യ കൂടുതലാണ്.

Top