ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു

drought-pic

ലാത്തൂര്‍: വേനല്‍ ചൂടില്‍ മഹാരാഷ്ട്രയില്‍ മരണസംഖ്യ കൂടുന്നു. ദാഹം തീര്‍ക്കാനെത്തിയ ബാലന്‍ കിണറ്റില്‍ വീണു മരിച്ചു. കുടിവെള്ളത്തിനായി ഓടി തളര്‍ന്നെത്തിയ ഒന്‍പത് വയസ്സുകാരനെ മരണം കീഴടക്കുകയായിരുന്നു. ബീഡ് ലത്തൂര്‍ ഹൈവേയ്ക്കരികില്‍ കേജ് താലൂക്കിലെ വീഡ ഗ്രാമത്തിലെ മാധവ് കേങ്കാറിന്റെ മകന്‍ സച്ചിനാണ് കിണറ്റില്‍ വീണ് മരിച്ചത്.

ഗ്രാമത്തില്‍ ആകെ വെള്ളമുള്ള ഈ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനു തിക്കും തിരക്കും പതിവാണ്. അതിനിടെ കിണറ്റിലേക്കു വീണ് സച്ചിന്റെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കലക്ടര്‍ക്കു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട്. ദാഹിച്ചിട്ടു വെള്ളം കോരിക്കുടിക്കാന്‍ പോയതാണു സച്ചിനെന്ന് അമ്മ ആശ കേങ്കാര്‍ പറഞ്ഞു. ഈ സൈക്കിളില്‍ കയ്യിലൊരു പാട്ടയുമായാണു കിണറ്റിനരികിലേക്കു പോയത്. തിരക്കിനിടെ കാല്‍തെറ്റി വീണതാവാം. നാട്ടുകാര്‍ ഒന്നും വ്യക്തമായി പറയുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയില്‍ പൊലീസുകാരനായ ദിലീപ് കാലിയുടേതാണ് ഈ പറമ്പും കിണറും. ഇരുപതടിയോളം താഴ്ചയുള്ള, കല്ലുവെട്ടിക്കുഴിച്ചെടുത്ത കിണറ്റില്‍ ഉറവയില്ല. പകരം അടുത്ത് കുഴല്‍ക്കിണര്‍ കുത്തി ലഭിക്കുന്ന വെള്ളം ഈ കല്‍ക്കിണറ്റിലേക്ക് അടിച്ചിടും. അപ്പോള്‍ ഗ്രാമവാസികള്‍ കുടവും കലവുമായി ഓടിക്കൂടും. ഏറെപ്പേര്‍ക്കു ജീവന്‍ നല്‍കിയ കിണര്‍ ഇപ്പോള്‍ ഒരു ജീവനെടുത്തിരിക്കുന്നു. ഇതേ ജില്ലയില്‍ തന്നെ ഗേവ്രായ് താലൂക്കില്‍ പാച്ചേഗാവ് ഗ്രാമത്തിലെ ജയറാം താണ (35) മരിച്ചതു കുഴല്‍ക്കിണറ്റില്‍ നിന്നു വെള്ളമെടുക്കുന്നതിനിടെയാണ്. ഷോക്കടിച്ചതെന്നാണു നാട്ടുകാര്‍ പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച സാബര്‍ഘേഡ് ഗ്രാമത്തിലെ 12 വയസ്സുകാരി യോഗിത ദേശായി വെള്ളമെടുക്കാന്‍ പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഒരു വശത്തു വരള്‍ച്ച ജീവനെടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും പെരുകിയെന്നാണ് ജില്ലാ ഭരണാധികാരികള്‍ നല്‍കുന്ന കണക്ക്.

ബീഡ് ജില്ലയില്‍ മാത്രം ഈ വര്‍ഷം വരള്‍ച്ചമൂലം 240 പേര്‍ ജീവനൊടുക്കി. ലത്തൂര്‍, നാന്ദേട്, ഉസ്മാനാബാദ്, പര്‍ളി, ബീഡ് ജില്ലകളുള്‍പ്പെട്ട മറാഠ്വാഡ മേഖല മൊത്തമെടുത്താല്‍ സ്വയം ജീവനെടുത്തവരുടെ എണ്ണം 1000 കവിഞ്ഞു.

Top