മഹേഷിന്റെ പ്രതികാരത്തെച്ചൊല്ലി വിവാദം: ആരോപണങ്ങളിൽ പ്രതികരണവുമായി ആഷിക് അബു

സ്വന്തം ലേഖകൻ

കൊച്ചി: മഹേഷിന്റെ പ്രതികാരത്തിന്റെ നിർമ്മാതാക്കളുടെ പേരിൽ ആഷിക് അബു തട്ടിപ്പ് നടത്തിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയോടുള്ള പ്രതികരണവുമായി ആഷിക് അബു രംഗത്ത്. ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ആഷിഖ് അബുവിനെതിരെ ആരോപണങ്ങൾ ഉയർന്നത്. അബുദാബിയിലുള്ള റഹ്മാൻ എന്നയാളുമായി ചേർന്ന് പത്ത് കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച കമ്പനിയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം നിർമിച്ചതെന്നായിരുന്നു ആരോപണം. പതിനൊന്ന് കോടിയോളം ലാഭമുണ്ടാക്കിയ ചിത്രത്തിന്റെ പോസ്റ്ററിലോ സ്‌ക്രീനിലോ യഥാർത്ഥ നിർമാതാക്കളുടെ പേര് വെക്കുകയോ അവർക്ക് മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്നും ആരോപണമുണ്ടായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ആഷിക് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
താൻ മാനേജിംഗ് ഡയറക്ടറായ ഡ്രീം മിൽ സിനിമാസിനെതിരെ ഉയർന്ന ആരോപണത്തിൽ പ്രചരിപ്പിച്ചത് അസാധുവായ ധാരണാപത്രമെന്ന വിശദീകരണവുമായാണ് സംവിധായകൻ ആഷിഖ് അബു ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഡ്രീം മിൽ സിനിമാസിന്റെ ഫേസ്ബുക്ക് പേജിൽ ചെയർമാനായ സന്തോഷ് കുരുവിളക്കൊപ്പം നൽകിയ പോസ്റ്റിലാണ് വിശദീകരണം. ഈ പോസ്റ്റ് ആഷിഖ് അബു ഷെയർ ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോസ്റ്റ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൺനസ് മീഡിയ എന്ന കമ്പനിയാണ് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ നിക്ഷേപത്തിൽ പങ്കാളിയായത്. അബുദാബി ഹെക്സ എന്ന എണ്ണക്കമ്പനിയുടെ ഉടമ അബ്ദുൽ റഹ്മാൻ, ദുബായ് വൺനെസ്സ് മീഡിയ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്ന ശ്രീകാന്ത് എന്നിവർ ചേർന്നുള്ള പാർട്ണർഷിപ്പ് കമ്പനിയായ വൺനെസ് മീഡിയ 60 ശതമാനം നിക്ഷേപമാണ് ധാരണാപത്രം പ്രകാരം ഒപ്പുവെച്ചത്.

പല ഗഡുക്കളായി, സമയബന്ധിതമായി പണം നിക്ഷേപിക്കാം എന്ന ധാരണ ആദ്യം മുതലേ മുടങ്ങി. ഇക്കാര്യത്തിൽ പരാതി അറിയിച്ചതോടെ പിഴവ് ആവർത്തിക്കില്ല എന്ന് ഉറപ്പുതന്നെങ്കിലും അതാവർത്തിച്ചുകൊണ്ടിരുന്നു. പിന്നീട് അബ്ദുൽ റഹ്മാൻ കൊച്ചിയിലെത്തി ശ്രീകാന്തിനെ തന്റെ ദുബായ് കമ്പനിയായ വൺനെസ്സ് മീഡിയയിൽ നിന്ന് പുറത്താക്കിയതായും, കൊച്ചിയിലെ ശ്രീകാന്തുമായുള്ള പാർട്ണർഷിപ്പ് കമ്പനി നിലനിൽക്കുന്നില്ലെന്നും അറിയിച്ചു. അതേ പേരിൽ തന്നെയുള്ള മറ്റൊരു പ്രൊപ്രൈറ്റർഷിപ് കമ്പനി അബ്ദുൾ റഹ്മാന്റെ സോൾ പ്രോപ്രൈറ്റർഷിപ്പിൽ ആരംഭിക്കുകയും ചെയ്തു.

ഇതോടെ ശ്രീകാന്ത് ഒപ്പിട്ട ധാരണാപത്രം സ്വാഭാവികമായും അസാധുവായി. അബ്ദുൾ റഹ്മാൻ പ്രോപ്രൈറ്റർ ആയുള്ള കമ്പനി പുതിയ ധാരണാപത്രം ഒപ്പുവെക്കാം എന്ന വാക്കാലുള്ള ധാരണയിൽ വ്യവഹാരങ്ങൾ അസുഖകരമായ തന്നെ മുന്നോട്ടുപോയി. ദുബായ് കമ്പനിയിൽ ശ്രീകാന്ത് ഉണ്ടാക്കിയ കോടികളുടെ നഷ്ട്ടം വരുത്തിവെച്ച കനത്ത സാമ്പത്തിക പ്രശ്നത്തിന്റെ ചൂണ്ടിക്കാട്ടി പിന്നീട് പലതവണ അബ്ദുൽ റഹ്മാൻ പണം കൃത്യസമയത്തു എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും വാക്കാലുള്ള ധാരണപ്രകാരം തരേണ്ട നിക്ഷേപതുക മുഴുവനായി തരാതിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അബ്ദുൽ റഹ്മാന്റെ ബാക്കി നിക്ഷേപം പ്രതീക്ഷിക്കാതെ തന്നെ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയെന്ന് പോസ്റ്റ് വിശദീകരിക്കുന്നു.

രൂപീകരിക്കപ്പെട്ട പുതിയ പ്രൊപ്രൈറ്റർഷിപ്പ് കമ്പനിയുമായി പുതുക്കിയ ധാരണാപത്രം ഒപ്പിടുന്നത് പുതിയ സാഹചര്യത്തിൽ നടന്നിട്ടില്ല. ശ്രീകാന്ത് ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ധാരണാപത്രം യാതൊരു നിയമസാധുതയും ഇല്ലാത്ത ഒന്നാണെന്നും ആഷിഖ് അബു വിശദീകരിക്കുന്നു.

Top