കോഴിക്കോട്: പിണറായി വിജയന്റെ ആ വാക്കുകള്‍ അത്രത്തോളം വേദനിപ്പിച്ചു.അതിനാല്‍ മുഖ്യമന്ത്രിയെ കാണില്ലെന്ന് ഉറപ്പിച്ച്
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ഇക്കാരണത്താലാണ് കൂടിക്കാഴ്ചയ്ക്ക് തയാറാകാത്തതെന്നും മഹിജ വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മഹിജക്ക് നാളെ രാവിലെ പത്തിന് സമയം അനുവദിച്ചിരുന്നു. സമരം ഒത്തുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ അവസരെമാരുക്കുമെന്നതും ഉള്‍െപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.
ഡി.ജി.പിയെ കാണാന്‍ പോലീസ് ആസ്ഥാനത്ത് എത്തിയ മഹിജക്കെതിരായ പൊലീസ് നടപടി മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യത്തിനെതിരെ മഹിജ പ്രതിഷേധം അറിയിച്ചിരുന്നു.ജിഷ്ണു മരണപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാത്തതും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ അമ്മയും അമ്മാവനും സഹോദരിയും നിരാഹാര സമരം നടത്തുകയും ചെയ്തു. ഈ സമരം ഒത്തുതീര്‍പ്പാക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കരാറില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ സമയം നല്‍കാമെന്നും പറഞ്ഞിരുന്നു..ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. പോലീസ് ആസ്ഥാനത്തിന് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിജ കഴിഞ്ഞ ദിവസം സ്വന്തം നാടായ വടകരയിലേക്ക് പോയിരുന്നു. ശ്രീജിത്തിനെതിരേ മുഖ്യമന്ത്രി ഉന്നയിച്ച സംശയങ്ങളെല്ലാം മഹിജ നേരത്തെ തന്നെ തള്ളിയിരുന്നു.