കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മ ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ല. സംഘര്‍ഷത്തില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദവും ഇതോടൊപ്പം മഹിജ തള്ളി. തിരുവനന്തപുരത്തെ സമരത്തിന് ശേഷം മഹിജയും കുടുംബവും നാട്ടില്‍ തിരിച്ചെത്തി.
ശ്രീജിത്തിനൊപ്പമേ മുഖ്യമന്ത്രിയെ കാണൂ എന്ന ഉറച്ച നിലപാടിലാണ് മഹിജ. സഹോനരന്‍ ശ്രീജിത്തിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ മുഖ്യമന്ത്രിയുടെ നിലപാട് മഹിജ തള്ളി. ശനിയാഴ്ച മുഖ്യമന്ത്രിയെ കാണില്ലെന്ന സൂചനയാണ് മഹിജ നല്‍കുന്നത്.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. സുഗതകുമാരിയെ സന്ദര്‍ശിച്ചശേഷം ഇരുവരും സ്വദേശമായ നാദാപുരത്തേക്ക് മടങ്ങി.രാവിലെ എട്ടോടെയാണ് മഹിജയും കുടുംബവും സുഗതകുമാരിയുടെ വീട്ടിലെത്തിയത്. കരാര്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് മഹിജ പറഞ്ഞു.
ഡി.ജി.പി ഓഫീസിന് മുന്നിലെ സമരശ്രമത്തെ തുടര്‍ന്ന് ഈ മാസം അഞ്ചിന് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്ത് കരയരുതെന്നും ധൈര്യമായി മുന്നോട്ട് പോകണമെന്നും തന്നെ സന്ദര്‍ശിക്കാനെത്തിയ മഹിജയോട് സുഗതകുമാരി പറഞ്ഞു.
സര്‍ക്കാരില്‍ വിശ്വാസമുണ്ട്. ശ്രീജിത്ത് ആരുടേയും സ്വാധീനവലയത്തില്‍ വീണിട്ടില്ല. ശ്രീജിത്ത് പെങ്ങളുടെ സ്വാധീനവലയത്തില്‍ മാത്രമാണ് വീണിട്ടുള്ളത്. തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുമെന്നാണ് പ്രതീക്ഷ’- മഹിജ പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈയില്‍ നിരാഹാരസമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വ്യത്യസ്ത അഭിപ്രായം പറഞ്ഞിരുന്നു.എന്നാല്‍ , സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും കരാര്‍ പൂര്‍ണമായും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു. ഏറ്റവും വിശ്വാസ്യതയുള്ള രണ്ടാളുകളുമായാണ് കരാര്‍ ഉണ്ടാക്കിയത്. അത് നടപ്പാകുമെന്നാണ് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജിത്ത് പറഞ്ഞു.വൈകിട്ട് 5.45 ഓടെയാണ് മഹിജയും തിരുവനന്തപുരത്ത് സമരത്തിന് പോയ കുടുംബാംഗങ്ങളും കോഴിക്കോട്ട് എത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ ജിഷ്ണുവിന്റെ മുത്തച്ഛന്‍ നാണുവും ബന്ധുക്കളും ഇവര്‍ക്ക് സ്വീകരണം നല്‍കി.