ജിഷ്ണുവിന്റെ സഹോദരി നിരാഹാരം തുടങ്ങി; ചേട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കള്‍ അതിക്രമത്തെ ന്യായികരിച്ചത് വിഷമിപ്പിച്ചു; കേരളം പ്രതിഷേധത്തില്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നതിനിടെ സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരം തുടങ്ങി.

സഹോദരി അവിഷ്ണവയാണ് വീട്ടില്‍ നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. അമ്മ മടങ്ങിവരും വരെ സമരം എന്നതാണ് നിലപാടെന്ന് അവിഷ്ണ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ അമ്മയെ അടിക്കാനുള്ള താത്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ പൊലീസ് കാണിച്ചില്ലെന്ന് അവിഷ്ണ ചോദിക്കുന്നു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനോടുള്ള അതേ വിരോധം പൊലീസുകാരോട് ഉണ്ടെന്നും അവിഷ്ണ വ്യക്തമാക്കി. കഴിഞ്ഞ വിഷുവിന് മുഖ്യമന്ത്രി പിണറായിയുടെ ചിത്രമാണ് തന്റെ ഏട്ടന്‍ കണ്ടതെന്നും അമ്മയും അച്ഛനും വീട്ടില്‍ മടങ്ങിവരുന്നത് വരെ നിരാഹാരം ഇരിക്കുമെന്നും അവിഷ്ണ പറഞ്ഞു

പൊലീസ് അതിക്രമത്തെ ന്യായീകരിച്ചത് ശരിയല്ല. ഏട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ ചില നേതാക്കള്‍ പൊലീസ് മര്‍ദനത്തെ ന്യായീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിഷ്ണുവിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് സമരമുഖത്തേക്കിറങ്ങാനുള്ള അവിഷ്ണയുടെ തീരുമാനം. അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് പോയി സമരം ചെയ്യാനായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അവിഷ്ണയുടെ ആദ്യ തീരുമാനം. എന്നാല്‍, മുത്തശ്ശി വീട്ടില്‍ തനിച്ചായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും, ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാരം തുടങ്ങി. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയാണെങ്കില്‍ നിരാഹാരസമരം ഡിജിപി ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം. നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം. ഇന്നലെ സമരത്തിനിടെ കുഴഞ്ഞു വീണ മഹിജയെ ആദ്യം പേരൂര്‍ക്കട ജനറല്‍ ആശുപതിയിലും തുടര്‍ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെയല്ല, പൊലീസിന് എതിരായാണ് സമരമെന്ന് മഹിജ പറഞ്ഞു.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ അറസ്റ്റു ചെയ്യുംവരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു. കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മഹിജ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജ. അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

പൊലീസ് ആരെയും മര്‍ദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. രാവിലെ പത്തുമണി മുതല്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അദ്ദേഹത്തിന്റെ ഓഫിസില്‍ കാത്തിരിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധത്തിനെത്തിയ 16പേരെയും ഡിജിപിയെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത്രയും പേരെ ഓഫിസിലേക്ക് കടത്തി വിടാനാകുമായിരുന്നില്ല. ഇതിനിടെ പുറത്തുനിന്നെത്തിയ ചിലരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നുമാണ് ഐജി മനോജ് എബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു.

Top