ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കൽ. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്‍റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയവുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ മഹുവയ്ക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു. മഹുവ മൊയ്ത്രക്ക് സംസാരിക്കാൻ അനുമതി നൽകണം എന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന് അധിർ രഞ്ജൻ ചൗധരിയും ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. നടപടിയെടുക്കുമ്പോൾ സ്വാഭാവിക നീതി ഉറപ്പാക്കണമെന്നായിരുന്നു അധിർ രഞ്ജൻ ചൗധരിയുടെ ആവശ്യം. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ എത്തിക്ക്സ് കമ്മിറ്റി ലംഘിച്ചു എന്ന് മനീഷ് തിവാരിയും ചൂണ്ടിക്കാണിച്ചു.
മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴൊക്കെ ബിജെപി അംഗങ്ങൾ ബഹളം വെച്ചു. സഭയിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചർച്ച നടക്കുകയാണ്. ആരുടെയും കുറ്റം തെളിയിക്കാൻ വിചാരണ ഇവിടെ നടക്കുന്നില്ല. സ്വാഭാവിക നീതിയെ സംബന്ധിച്ച ചർച്ച നടക്കേണ്ടത് കമ്മിറ്റിയിൽ ആണ് എന്ന നിലപാടായിരുന്നു സഭയിൽ സ്പീക്കർ ഓം ബിർള സ്വീകരിച്ചത്.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സുതാര്യമായല്ല തയ്യാറാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് സഭയിൽ വാദിച്ചു. എത്തിക്സ് കമ്മിറ്റി എന്തുകൊണ്ട് ഹീരാ നന്ദാനിയെ ചോദ്യം ചെയ്തില്ലെന്ന് തൃണമൂൽ അംഗങ്ങൾ ചോദിച്ചു. പണം വാങ്ങിയെന്നതിന് ഒരു തെളിവും ഇല്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. റിപ്പോർട്ടിൻ്റെയും പ്രമേയത്തിൻ്റെയും പകർപ്പ് ലഭിച്ചില്ലെന്ന് പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാണിച്ചു. 400ലധികം പേജുള്ള റിപ്പോർട്ട് വായിക്കാൻ പോലും സമയം ലഭിച്ചില്ലെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. താൻ രണ്ട് മണിക്കൂർ കൊണ്ട് റിപ്പോർട്ട് പഠിച്ചു എന്നായിരുന്നു ബിജെപി എംപി ഹീന വി ഗവിറ്റിൻ്റെ ഇതിനോടുള്ള പ്രതികരണം. 2005ൽ 10 അംഗങ്ങളെ ഒരു ദിവസം കൊണ്ട് റിപ്പോർട്ട് സമർപ്പിച്ച് പുറത്ത് ആക്കിയത് കോൺഗ്രസ് ഭരണത്തിൽ ആണെന്ന വിമർശനവും ബിജെപി അംഗങ്ങൾ ഉയർത്തി.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന ഗുരുതര പരാമർശങ്ങളോടെയാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സഭയുടെ പരിഗണനയ്ക്ക് വന്നത്. വിപുലമായ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പരാമർമുണ്ട്. മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന പ്രമേയം ശബ്ദവോട്ടോയെ സഭപാസാക്കുകയായിരുന്നു. പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സഭയ്ക്ക് പുറത്ത് മഹുവയെ പുറത്താക്കിയതിൽ പ്രതിപക്ഷം പ്രതിഷേധവും സംഘടിപ്പിച്ചു.അതേസമയം, അദാനിക്കെതിരായ പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തെളിവില്ലാതെയാണ് തനിക്കെതിരായ നടപടിയെന്നും മഹുവ ആരോപിച്ചു. അദാനിക്കെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയത്. അടുത്ത 30 വര്‍ഷം പാര്‍ലമെന്‍റിന് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.