
അഗർത്തല : വർഷങ്ങളോളം ത്രിപുര ഭരിച്ച സി പി എമ്മിന് വീണ്ടും ദയനീയ പരാജയം .ത്രിപുരയിൽ സി പി എം ഇല്ലാതാകുന്നു .ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയോട് ഏറ്റുമുട്ടി തകർന്നടിഞ്ഞ സിപിഎം മുനിസിപ്പൽ തിരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടി.
324 മുനിസിപ്പൽ സീറ്റുകളിൽ വെറും മൂന്നെണ്ണം മാത്രമാണ് പാർട്ടിക്ക് നേടാൻ കഴിഞ്ഞത്. 2015 ലെ തിരഞ്ഞെടുപ്പിൽ മുന്നൂറോളം സീറ്റുകളും മുഴുവൻ മുനിസിപ്പാലിറ്റികളിലെ ഭരണവും കയ്യിലുണ്ടായിരുന്ന സിപിഎം കനലൊരു തരി പോലുമില്ലാതെയാണ് എരിഞ്ഞടങ്ങിയത്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പോടെയാണ് സിപിഎമ്മിന്റെ തകർച്ച ആരംഭിക്കുന്നത്. മൂന്നു പതിറ്റാണ്ടിന്റെ സിപിഎം ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. ഭരണം കയ്യിലുണ്ടായിരുന്ന സമയത്ത് എതിരാളികളെ ശ്വാസം വിടാൻ പോലും അനുവദിക്കാതെ തികച്ചും ഫാസിസ്റ്റ് ഭരണമായിരുന്നു സിപിഎം കാഴ്‌ച്ചവെച്ചത്. ബിജെപിയുടെ നേതാക്കൾക്കെതിരെ നിരന്തരമായ ആക്രമണങ്ങളും സിപിഎം നടത്തിയിരുന്നു. ഇതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതികരണമായിരുന്നു ബിജെപിയെ അധികാരത്തിലേറ്റിയത്…
2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎം ചിത്രത്തിൽ പോലും ഇല്ലാതെ തുടച്ചു മാറ്റപ്പെട്ടു. അറുപത് ശതമാനത്തിലധികം വോട്ടുകൾ നേടി ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് വന്നിരുന്ന പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെയുള്ള കച്ചിത്തുരുമ്പായ മുനിസിപ്പാലിറ്റി ഭരണവും നഷ്ടപ്പെട്ടതോടെ ത്രിപുരയിൽ തിരിച്ചു വരാനാകാത്ത വിധം തകർന്ന അവസ്ഥയിലാണിപ്പോൾ സിപിഎം.
തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്‌ച്ച വയ്‌ക്കുമെന്ന് പ്രഖ്യാപിച്ച് മത്സരത്തിനെത്തിയ തൃണമൂൽ കോൺഗ്രസിനും ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒരു സീറ്റ് മാത്രമാണ് ഇവിടെ പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസാകട്ടെ ഒരു സീറ്റ് പോലും നേടാനാകാതെ തകർച്ചയുടെ പടുകുഴിയിൽ വീണു.
ജനോപകാരപ്രദമായ നയങ്ങൾക്കും ജനക്ഷേമ ഭരണത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് ബിപ്ലബ് കുമാർ ദേബ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.