മെറിന്‍ ജോസഫ് ഐപിഎസ് സലാഹയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളം; കടം കയറി നാടുവിട്ട യുവതിക്കെതിരെ മാധ്യമങ്ങളോട് പോലീസ് പറഞ്ഞത് കല്ലുവച്ച നുണ

കൊച്ചി: പോക്കറ്റടിക്കാരനെ പിടിച്ചാല്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയെ പിടിച്ചെന്ന് പത്രക്കാരെ വിളിച്ചുപറയുന്ന പാരമ്പര്യമാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുള്ളത്. എന്നാല്‍ പുതിയ ഡി വൈ എസ് പിയായി മെറിന്‍ ജോസഫ് എന്ന യുവ ഐപിഎസുകാരി ചാര്‍ജ്ജെടുത്തിട്ടും കാര്യങ്ങളില്‍ വല്ലിയ മാറ്റമൊന്നിമില്ലെന്നാണ് അവിടെ നിന്നുളള വാര്‍ത്തകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം സാമ്പത്തീക തട്ടിപ്പുകേസില്‍ അറസ്റ്റിലായ സലാഹ എന്ന യുവതിയെ കുറിച്ച് പോലീസ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നാണ് ബന്ധുക്കള്‍ പറയുന്നു. മുപ്പത് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും കോടികളുമായി വിദേശ ടൂറിലാണെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നാട്ടില്‍ കടം കയറി വിദേശത്ത് ജോലി തേടി മടങ്ങിയെത്തിയ സലാഹയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നെന്നും പിന്നീട് മാധ്യമങ്ങളോട് പച്ചക്കള്ളങ്ങള്‍ തള്ളുകയുമായിരുന്നെന്നാണ് തെളിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറുക കാട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്ന് ഒരു കോടി അമ്പത് ലക്ഷം രൂപ വാങ്ങി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച സലാഹ ഇയാള്‍ക്ക് മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം രൂപ തിരികെ നല്‍കിയെന്ന് മൂത്ത സഹോദരി സീനത്ത് വെളിപ്പെടുത്തുന്നു. കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട എസിപിയായി ചാര്‍ജെടുത്ത മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തില്‍ സലാഹയെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ അറസ്റ്റു ചെയ്യുന്നത്. ആസൂത്രിത നീക്കത്തിലൂടെയാണ് സലാഹയെ അറസ്റ്റു ചെയ്തതെന്നും ഇവര്‍ കോടികളുടെ തട്ടിപ്പു നടത്തി കിട്ടിയ പണംകൊണ്ട വിദേശ ടൂറുകള്‍ നടത്തിയതായും ആര്‍ഭാട ജീവിതം നയിച്ചതായും ആഡംബരവില്ലയും കോണോത്തുകുന്നില്‍ ഒരു വീടും സ്വന്തമാക്കിയതായും ആയിരുന്നു പൊലീസ് ഈ അറസ്റ്റിനെ തുടര്‍ന്ന് വെളിപ്പെടുത്തിയത്.

പക്ഷേ, ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് വ്യക്തമാക്കുകയാണ് സലാഹയെന്ന 29 കാരിയുടെ കുടുംബം. പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഷെയര്‍മാര്‍ക്കറ്റ് ഇടപാടുകള്‍ നടത്തുകയായിരുന്നു സലാഹ. മാര്‍ക്കറ്റ് ഡൗണ്‍ ആയതോടെ ഉപ്പയുടെ പേരിലുള്ള കോലോത്ത് കുന്നിലെ തറവാട് പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഈടായി നല്‍കി 12.5 ലക്ഷം രൂപ വായ്പ എടുത്താണ് ഇപ്പോള്‍ മുഖ്യമായും ഇവര്‍ തട്ടിപ്പുകാരിയെന്ന കേസ് നല്‍കിയ മജീദ് അടക്കമുള്ള നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഈ തറവാട് വീട് ആകട്ടെ 15 വര്‍ഷം മുമ്പ് വാങ്ങിയതാണ്. 20 ലക്ഷം രൂപ ലോണില്‍ കൂര്‍ക്കാഞ്ചേരിയില്‍ വാങ്ങിയ ശ്രേയസ് അപ്പാര്‍ട്ട്മെന്റ്സിന്റെ 850 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റ്, ബാങ്ക് ലോണില്‍ 2.3 ലക്ഷത്തോളം രൂപ പലിശ കയറി ഇപ്പോള്‍ ജപ്തി ഭീഷണിയില്‍ ആണ് – വീട്ടുകാര്‍ പറയുന്നു.

സലീഹയെ പിടികൂടിയ വിവരം അറിയിച്ച് പൊലീസ് ആരോപിച്ചത് ഇപ്രകാരമാണ്: കോണത്തുകുന്നിലുള്ള ഇന്‍വെസ്റ്റ്മെന്റ് സൊലൂഷന്‍ സര്‍വീസ് സ്ഥാപനത്തിന്റെ എം.ഡിയായി തൃശൂര്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍നിന്നു വിദേശമലയാളികളായ നിക്ഷേപകരെയുംമറ്റും കണ്ടെത്തി കമ്പനിയില്‍ ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 10000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരില്‍നിന്നു വന്‍തുക തട്ടിയെടുത്തത്. ആദ്യമാസങ്ങളില്‍ കൃത്യമായി ലാഭവിഹിതം നല്‍കിയതിലൂടെ ജനങ്ങളുടെ കൂടുതല്‍ വിശ്വാസം ആര്‍ജിച്ചാണ് കൂടുതല്‍ പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിച്ചത്.

ഷെയര്‍മാര്‍ക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്. കോണത്തുകുന്ന് കൂടാതെ കൂര്‍ക്കഞ്ചേരി, കൊടുങ്ങല്ലൂര്‍ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവര്‍ത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പില്‍ അബ്ദുള്‍ മജീദില്‍ നിന്ന് ഒരുകോടി അമ്പതുലക്ഷം രൂപ തട്ടിയെടുത്തതിന് ഓഗസ്റ്റില്‍ ഇരിങ്ങാലക്കുട പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നാണ് വന്‍തട്ടിപ്പ് കഥകള്‍ പുറത്തു വന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതോടെ സലാഹയ്ക്കായി വലവിരിച്ചെങ്കിലും അപ്പോള്‍ വിദേശത്തേക്ക് ടൂര്‍ പോയെന്നും ഇപ്പോള്‍ കോയമ്പത്തൂരില്‍ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

എന്നാല്‍ പൊലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് എവിടേയും ആഡംബര വീടുകള്‍ ഇല്ലെന്ന് സലാഹയുടെ സഹോദരി സീനത്ത് പറയുന്നു. ഉമ്മയുടെ അനുജത്തിയുടെ വീടും സ്ഥലവും ഈട് നല്‍കിയാണ് സലാഹയുടെ പേരില്‍ മാള കെ.എസ്.എഫ്.ഇ യില്‍ ഉണ്ടായിരുന്ന 20 ലക്ഷം രൂപയുടെ ചിട്ടി വിളിച്ചത്. കോലോത്ത്കുന്ന് തറവാട് വീടിനോട് ചേര്‍ന്നുണ്ടായിരുന്ന 17 സെന്റ് പാടം മറ്റൊരു കുറി വിളിക്കുന്നതിന് ഈട് നല്‍കി. ഫ്ലാറ്റും ഈ നെല്‍പാടവും സ്വര്‍ണ്ണവും മാത്രമാണ് സലാഹ പേരില്‍ ഉണ്ടായിരുന്നത്. സലാഹയുടെ പേരില്‍ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും തന്റെ പേരിലുണ്ടായിരുന്ന റിട്ട്സ് കാറും ലോണെടുത്താണ് വാങ്ങിയത്.
ലോണ്‍ കൃത്യമായി അടക്കാന്‍ കഴിയാത്തതിനാല്‍ അതു രണ്ടും വിറ്റു.

ഷെയര്‍ മാര്‍ക്കറ്റ് വഴി സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അപ്രതീക്ഷിത നഷ്ടം നേരിട്ടിട്ടും, നിക്ഷേപകരെ ഇത് അറിയിക്കാതെ സര്‍വ്വതും വിറ്റും പെറുക്കിയും നിക്ഷേപകര്‍ക്ക് ഒരു ലക്ഷത്തിന് ആറായിരം രൂപ വരെ ലാഭം നല്‍കിപോന്നത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ആകാതെ വന്നപ്പോള്‍ ബന്ധുക്കളുടെ പക്കല്‍ നിന്നും സ്വര്‍ണം വിറ്റും സംഘടിപ്പിച്ച പണം കൊണ്ട് ഭൂരിഭാഗം നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പണം നല്‍കാന്‍ മാര്‍ഗംതേടുകയായിരുന്നു പിന്നീട്. ഇതിനാണ് വിസിറ്റിങ് വിസയില്‍ ജോലി തേടി അബുദാബിയിലേക്ക് മെയ് 20 ന് പുറപ്പെട്ടത്. അല്ലാതെ പൊലീസ് പറഞ്ഞപോലെ വിദേശ ടൂറിലായിരുന്നില്ല സലാഹ. ജോലി സംഘടിപ്പിച്ച് തിരിച്ചുവരുബോളാണ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്. – സലാഹയുടെ വീട്ടുകാര്‍ പറയുന്നു.

തൃശ്ശൂര്‍ ലുലു കണ്‍വെണ്‍ഷന്‍ സെന്ററിനടുത്ത ഒരു വീട്ടില്‍ 8.500 രൂപ വാടക നല്‍കിയാണ് സലാഹയുടെ പിതാവും മാതാവും മൂത്ത സഹോദരിയും 3 വയസ്സുള്ള മകനും ഇപ്പോള്‍ ജീവിക്കുന്നത്. മൂത്ത സഹോദരി സീനത്തിന്റെ ഭര്‍ത്താവ് കുവൈറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കുകയാണ്. നേരത്തെ വിദേശത്തായിരുന്ന ഉപ്പ നാട്ടിലെത്തി മീന്‍ വിറ്റായിരുന്നു പിന്നീട് കുടുംബം പോറ്റിയിരുന്നത്. വാടക വീട്ടില്‍ താമസമാക്കിയത് മുതല്‍ ഉപ്പയ്ക്ക് മാനസിക സമ്മര്‍ദ്ദം മൂലം പ്രഷര്‍ കൂടി രണ്ടുതവണ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. ഇപ്പോള്‍ ചെറിയ വാടകയ്ക്ക് ഒരു വീട് നോക്കുകയാണ്. ഉമ്മയ്ക്കും തീരെ സുഖമില്ല. ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തും എല്ലാം പൊലീസ് പരിശോധിച്ചോട്ടെ, സലാഹയെ തിരിച്ചുതന്നാല്‍ മതി- സഹോദരി സീനത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

അതേസമയം, സലാഹയുടെ പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഇരിങ്ങാലക്കുട സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ സലാഹയ്ക്ക് വലിയ തിരിച്ചടി നേരിട്ടതായും, മറ്റ് സ്വത്തുക്കള്‍ എവിടേയും ഉള്ളതായി ഇതുവരെ അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്.

Top