സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തുംബ്രാണ്ടി ഉൽപാദനത്തിനാവശ്യമായ നിർമാണ നടപടികൾ ആരംഭിച്ചു. മദ്യ ഉല്‌പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കും. സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്കാണ് മുൻഗണന നൽകുക.
പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിൻ്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്.
കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.ഇതിനായി വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അതോറിറ്റിയ്ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.