അനധികൃത മണല്‍ ഖനനം : മലങ്കര കത്തോലിക്ക ബിഷപ്പ് അറസ്റ്റിൽ

പത്തനംതിട്ട സിറോ മലങ്കര രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസിനെ തമിഴ്നാട് ക്രൈംബ്രാഞ്ച് സി ഐ ഡി അറസ്റ്റ് ചെയ്തു. അംബാസമുദ്രത്തില്‍ വച്ചായിരുന്നു അറസ്റ്റ്. പൊട്ടലിനു സമീപം താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ ബിഷപ്പിനൊപ്പം വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും മറ്റ് നാല് വൈദികരും അറസ്റ്റിലായിട്ടുണ്ട്.

അറസ്റ്റിലായ എല്ലാവരെയും തിരുനെല്‍വേലി ജില്ലാ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തെങ്കിലും, അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് , ഫാ ജോസ് ചാമക്കാല എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദികരായ ജോര്‍ജ് സാമുവല്‍ , ഷാജി തോമസ് , ജിജോ ജെയിംസ് , ജോസ് കളവയല്‍ എന്നിവർ നാങ്ങുനേരി ജയിലിലാണ്.

കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് നേരത്തെ അറസ്റ്റിലായിരുന്നു. തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കര്‍ സ്ഥലത്ത് പകല്ല്, കരിങ്കല്‍, ക്രഷര്‍ പൊടി, എം-സാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്‌കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ലൈസന്‍സ് നേടിയതായി സി ബി- സി ഐ ഡി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് ലൈസന്‍സ് .

ബിഷപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പത്തനംതിട്ട രൂപത മാനുവലിന് പാട്ടത്തിന് നല്‍കിയത്. ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടല്‍ ഓടയില്‍ ചെക്ക് ഡാമില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മണല്‍ ഖനനം നടന്നിരുന്നു. 2020 സെപ്റ്റംബറില്‍ അന്നത്തെ ചേരന്‍മഹാദേവി സബ് കളക്ടര്‍ സ്ഥലം പരിശോധിക്കുകയും 27,774 ക്യുബിക് മീറ്റര്‍ മണല്‍ അനധികൃതമായി ഖനനം ചെയ്യുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി കടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് 1959ലെ തമിഴ്നാട് മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്‍സഷന്‍ റൂള്‍സ് പ്രകാരം ഭൂവുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തിയിരുന്നു. മണല്‍ കടത്ത് നടത്താന്‍ സഹായിച്ച വീരനല്ലൂര്‍ എസ്‌ഐയെയും സബ്കളക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

അനധികൃത മണല്‍ ഖനനത്തിനെതിരെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് ബിഷപ്പിനെയും അഞ്ച് വൈദികരെയും സി ബി – സി ഐ ഡി അറസ്റ്റ് ചെയ്തത്.

കൃഷിക്കായി ഉപയോഗിച്ചിരുന്ന 300 ഏക്കറോളം വരുന്ന സ്ഥലത്ത് പണ്ട് തെങ്ങും നെല്ലിക്കയും കൃഷി ചെയ്തിരുന്നു. പിന്നീട് കോട്ടയം സ്വദേശിക്ക് കൃഷിക്കായി പാട്ടത്തിനെടുത്തു. എന്നാല്‍ ഞങ്ങളറിയാതെ അദ്ദേഹം അവിടെ ക്രമക്കേടുകള്‍ നടത്തുകയും പട്ടയമില്ലാത്ത തൊട്ടടുത്ത പറമ്പില്‍ മണല്‍ ഖനനം നടത്തുകയായിരുന്നെന്നും രൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

ബിഷപ്പിനെയും വൈദികരെയും ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന വൈദികര്‍ തിരുനെല്‍വേലിയില്‍ എത്തിയിട്ടുണ്ട്. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് വൈദികന്‍ പറഞ്ഞു.

Top