താനൂര്‍ ബോട്ട് ദുരന്തം; മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും കക്ഷിനേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുത്തു. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇതിനുമുന്‍പുണ്ടായിട്ടുള്ള ദുരന്തങ്ങളിലെല്ലാം കരുതല്‍ നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ വച്ചിരുന്നു. താനൂര്‍ അപകടത്തില്‍ ആ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ നാല്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.

Top