മലപ്പുറത്ത് സിപിഎം മൂന്നാമതാവും;ബിജെപി വന്‍ മുന്നേറ്റം നടത്തും :കുഞ്ഞാലിക്കുട്ടിയുടെ ലീഡ് രണ്ടു ലക്ഷം കടക്കും: ആര്‍എസ്എസ് റിപ്പോര്‍ട്ട് പുറത്തായി

പെരിന്തല്‍മണ്ണ: മലപ്പുറം ലോക്‌സഭാ സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേയ്ക്കു പിന്‍തള്ളപ്പെടുമെന്നു ആര്‍എസ്എസ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നല്‍കിയ ആദ്യ ഘട്ട അവലോകന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു കൃത്യമായ സൂചനകളുള്ളത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യഘട്ട അവലോകന റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പാണ് ആര്‍എസ്എസ് നേതൃത്വം പുറത്തു വിട്ടത്.
മുസ്ലീം ലീഗിലെ ഇ.അഹമ്മദ് രണ്ടു ലക്ഷത്തില്‍ പരം വോട്ടിനു വിജയിച്ച ഈ മണ്ഡലത്തില്‍ ഇത്തവണയും മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കു വന്‍ ഭൂരിപക്ഷം തന്നെയാണ് ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. എന്നാല്‍, മണ്ഡലത്തില്‍ ഭൂരിപക്ഷ ധ്രുവീകരണം ഉണ്ടാകുന്നതോടെ ആര്‍എസ്എസിനും – ബിജെപിയ്ക്കും അനൂകൂല ട്രെന്‍ഡ് ഉണ്ടാകുമെന്നാണ് ആര്‍എസ്എസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ നിലവിലെ സാഹചര്യം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യങ്ങളാണ് സിപിഎമ്മിനെ പിന്‍തള്ളി രണ്ടാമത് എത്താമെന്ന കണക്കു കൂട്ടല്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ ശക്തമായിരിക്കുന്നത്.malappuram-kunjalikutty
2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതില്‍ 51.29 ശതമാനം വോട്ടാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ.അഹമ്മദ് സ്വന്തമാക്കിയത്. നാലു ലക്ഷത്തിലധികം വോട്ട് ഇ.അഹമ്മദിനു ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ സൈനബയ്ക്കു രണ്ടു ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരം വോട്ട് മാത്രമാണ് ലഭിച്ചത്. 28.47 ശതമാനം വോട്ട് മാത്രമാണ് അന്ന് ഇവിടെ നിന്നു ഇവര്‍ക്കു നേടാനായത്. 64,705 വോട്ട് നേടിയ ബിജെപി തങ്ങളുടെ വോട്ട് ഷെയര്‍ 7.58 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. പോള്‍ ചെയ്തതില്‍ 22.82 ശതമാനം വോട്ടും തന്റെ ഭൂരിപക്ഷമാക്കി മാറ്റിയ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇ.അഹമ്മദിനു 1.94 ലക്ഷം വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ തവണ ലക്ഷിച്ച അറുപത്തിനാലായിരം വോട്ട് ഇത്തവണ ഒന്നര ലക്ഷത്തില്‍ എത്തിക്കാന്‍ സാധിക്കും എന്നാണ് ബിജെപിയും ആര്‍എസ്എസ് നേതൃത്വവും കണക്കു കൂട്ടുന്നത്. ഭൂരിപക്ഷ ധ്രുവീകരണം ഇതിനായി സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഇടതു മുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയുടെ പരിചയക്കുറവും തങ്ങള്‍ക്കു പിന്‍തുണയാകുമെന്നു ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. മുസ്ലീം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായും, ഇടതു മുന്നണിയില്‍ സിപിഎമ്മിലെ എം.ബി ഫൈസലും, ബിജെപി സ്ഥാനാര്‍ഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്.

Top