
മലപ്പുറം: പണം നല്‍കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന സംഘം പോലീസ് പിടിയില്‍. വളരെ നാളുകളായി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെയടക്കം ഇത്തരത്തില്‍ പീഡനത്തിരയാക്കിയ അധ്യാപകനടങ്ങിയ സംഘമാണ് പോലീസിന്റെ പിടിയിലായത്. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്. ആദ്യം ആറു പേരും, അവസാനമായി മുക്കം സ്വദേശി മോഹന്‍ദാസ്(35), മഞ്ചേരി സ്വദേശി അലവി (51) എന്നിവരും അറസ്റ്റിലായി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അധ്യാപകന്‍ പീഡിപ്പിച്ച വിദ്യാര്‍ഥികളിലൊരാള്‍ അസ്വഭാവികമായി പെരുമാറുകയും വീട്ടില്‍ വൈകിയെത്തുന്നതു പതിവാക്കുകയും ചെയ്തതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. ഇതില്‍ മാതാപിതാക്കള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ലഹരി വിരുദ്ധ ജാഗ്രതാസമിതി ഇടപെട്ട് വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയരാക്കി.
പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനമെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. ലഹരിമരുന്ന് നല്‍കിയും ചിലരെ പീഡിപ്പിച്ചു. ബൈക്കില്‍, ലിഫ്റ്റ് നല്‍കിയ പരിചയം ദുരുപയോഗം ചെയ്തായിരുന്നു ഒരാള്‍ തന്നെ പീഡിപ്പിച്ചതെന്ന് കുട്ടികളിലൊരാള്‍ പറഞ്ഞു. അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തില്‍ അധികം പേര്‍ക്കെതിരെ കേസ് എടുത്തു.