ജയലളിതയുടെ ഉപദേശിയായിരുന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും

ചെന്നൈ: ജയലളിതക്കൊപ്പം താങ്ങുംതണലുമായിരുന്ന മലയാളി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ഷില ബാലകൃഷ്ണന്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയലളിതയുടെ വലം കയ്യായി ഭരണത്തെ സഹായിച്ചിരുന്ന ഷീല ബാലകൃഷ്ണന്റെ സേവനം ഇനിയും ഉപയോഗിക്കണമെന്ന് ജയയും നിര്‍ദ്ദേശിച്ചിരുന്നതായാണ് മാധ്യമങ്ങള്‍ പറയുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഉപദേശക സ്ഥാനം വഹിച്ചുവരികയായിരുന്ന ഷീലയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചക്കേുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളെക്കുറിച്ചും പ്രോട്ടോക്കൊളിനെക്കുറിച്ചും മന്ത്രിസഭയിലെ മറ്റതേ് അംഗത്തേക്കാളും നന്നായി ഷീലയ്ക്ക് അറിയാമെന്നതാണ് ഇവര്‍ക്ക് തുണയാകുക. മുഖ്യമന്ത്രി ജയലളിതയോടൊപ്പവും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിക്കോപ്പവും പ്രവര്‍ത്തിച്ച പാരമ്പര്യം ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഷീലയെ നിയോഗിക്കുന്നതിന് കാരണമായേക്കും.ശശികലക്കും ഷീലയുടെ നിയമനത്തില്‍ എതിര്‍പ്പില്ളെന്നാണ് അറിയുന്നത്. തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചില്‍ തമിഴ്നാട് കേഡറിലാണ് സിവില്‍ സര്‍വീസ് വിജയിച്ചത്. 2014ല്‍ വിരമിച്ച ഇവര്‍ പിന്നീട് ജയലളിതയുടെ ഉപദേശകസ്ഥാനം വഹിക്കുകയായിരുന്നു. ജയലളിത അടുത്ത കാലത്ത് നടത്തിയ പല ക്ഷേമപ്രവര്‍ത്തനങ്ങളുടെ പിന്നിലും ഇവരുടെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഷീലബാലകൃഷ്ണന്‍ മന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യതകളും വിദൂരത്തല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടുമാസത്തിലേറെ തമിഴ്നാട്ടിലെ ഭരണകൂടത്തെ പിടിച്ചുനിര്‍ത്തിയതും അവരായിരുന്നു. ജയലളിതയുടെ മനസ്സ് എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു ഷീലയ്ക്ക്. ജയലളിതയുടെ മരണത്തില്‍ തമിഴകത്ത് തേങ്ങലുകള്‍ തുടരുമ്പോഴും ജനങ്ങള്‍ ഒന്നടങ്കം വാഴ്ത്തുന്നത് സംസ്ഥാനത്ത് നടമാടുന്ന സമാധാനാന്തരീക്ഷത്തെയാണ്. എങ്ങനെ ഇതുസാധിച്ചു എന്ന് മിക്കവരും ചോദിക്കുന്നു. എല്ലാം മുന്‍കൂട്ടിക്കണ്ട് ഷീല, ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിനും ഡി.ജി.പി. ടി.കെ. രാജേന്ദ്രനും എന്തൊക്കെ ചെയ്യണമെന്ന് അപ്പപ്പോള്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരും ജനപ്രതിധികളും മുന്നോട്ടുനീങ്ങിയതും ഷീലയുടെ വാക്കുകള്‍ക്കനുസരിച്ചാണ്.

മുഖ്യമന്ത്രി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന അപ്പോളൊ ആശുപത്രി അടിച്ചുടയ്ക്കപ്പെടാന്‍വരെ സാധ്യതയുണ്ടായിരുന്നു. ജയലളിതയെ വിദേശത്തെ ആശുപത്രിയിലെത്തിച്ചശേഷം അവിടെ വച്ച് മരണവിവരം പ്രഖ്യാപിക്കാന്‍വരെ ആലോചന നീണ്ടു. എന്നാല്‍, അതൊന്നുമുണ്ടായില്ല. ജനങ്ങള്‍ അക്രമാസക്തരായില്ല. ജനജീവിതം വഴിമുട്ടിയില്ല. ആര്‍ക്കും ധൈര്യത്തോടെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യമുണ്ടായി. ജയലളിതയുടെ മനസ്സുവായിക്കാനായ ഷീലയ്ക്ക് ജനങ്ങളുടെ മനസ്സുവായിച്ചെടുക്കാനും വലിയ പ്രയാസമുണ്ടായില്ല.

ജയ ആശുപത്രിയിലായപ്പോള്‍ ഭരണ പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ നേതൃത്വത്തെ സഹായിച്ചതും ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ഷീലയാണ്. ജയയുടെ മരണം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളൊരുക്കിയത് ഷീലയുടെ നേതൃത്വത്തിലായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2002ലാണ് ജയലളിതയുമായി ഷീല ബാലകൃഷ്ണന്‍ അടുപ്പം സ്ഥാപിക്കുന്നത്. പക്ഷേ, ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചു. പിന്നീട് ജയലളിത വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പ്രധാന പദവികളിലേക്ക് ഉയര്‍ത്തുകയായിരുന്നു.

തഞ്ചാവൂരില്‍ അസി.കളക്ടറായാണ് ഷീല ബാലകൃഷ്ണന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എംജിആര്‍ സര്‍ക്കാരില്‍ സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടറായി, വ്യവസായ വകുപ്പില്‍ ഒന്‍പതു വര്‍ഷം പ്രവര്‍ത്തിച്ചു. 1996 മുതല്‍ 1998വരെ ഫിഷറീസ് വകുപ്പില്‍ കമ്മീഷണര്‍. രണ്ടായിരത്തില്‍ ഡിഎംകെ സര്‍ക്കാര്‍ സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറിയാക്കി. അതുവരെ വ്യക്തമായ രാഷ്ട്രീയ പക്ഷം അവര്‍ക്കില്ലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു.

ജയലളിത 2002ല്‍ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സെക്രട്ടറിയുടെ തസ്തികയില്‍ നിയമിച്ചു. ഇതോടെ ഡിഎംകെയുടെ നോട്ടപ്പുള്ളിയായി. പ്രവര്‍ത്തനം ഇഷ്ടപ്പെട്ടതോടെ അവര്‍ ജയയുടെ വിശ്വസ്തയായും രണ്ടാമത്തെ അധികാര കേന്ദ്രമായും ഉയര്‍ന്നു. നിശബ്ദമായി പ്രവര്‍ത്തിക്കുകയും പൊതുജനശ്രദ്ധയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്ന ഷീലയുടെ പ്രവര്‍ത്തനം ജയയുടെ സ്വഭാവരീതികളോട് ഒത്തുപോകുന്നതായിരുന്നു. ഉത്തരവുകളോ ആജ്ഞകളോ നല്‍കുന്നതിനുപകരം ഉദ്യോഗസ്ഥരില്‍നിന്ന് ആശയങ്ങള്‍ ക്ഷണിച്ച് മികച്ച പദ്ധതി നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നതായിരുന്നു അവരുടെ രീതി. ജയയുടെ അനുമതിയില്ലാതെ ഒരു തീരുമാനംപോലും പുറത്തുവന്നിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നു. ജയ നടപ്പിലാക്കിയ പല ജനക്ഷേമ പദ്ധതികള്‍ക്കും പിന്നില്‍ ഷീലയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.

2011ല്‍ ജയലളിത അധികാരത്തിലെത്തിയതോടെ ഷീല വീണ്ടും ശ്രദ്ധാ കേന്ദ്രമായി. 2012ല്‍ ചീഫ് സെക്രട്ടറി പദവി ഒഴിവുവന്നപ്പോള്‍ അവരുടെ ഭര്‍ത്താവായ ബാലകൃഷ്ണന്‍ ഐഎഎസ് ഉള്‍പ്പെടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് ജയ അവരെ ചീഫ് സെക്രട്ടറിയാക്കിയത്. 2014ല്‍ വിരമിച്ചപ്പോള്‍ ഉപദേശകയാക്കി നിയമിച്ചു. പിന്നീട് മൂന്ന് ചീഫ് സെക്രട്ടറിമാര്‍ വന്നെങ്കിലും അധികാരകേന്ദ്രം ഷീലയായിരുന്നു. മുഖ്യമന്ത്രി ആശുപത്രിയിലായപ്പോള്‍ അവരുടെ മുറിയില്‍ ശശികലയ്ക്കൊപ്പം ഷീലയ്ക്കും പ്രവേശനം ഉണ്ടായിരുന്നു. അപ്പോളോയുടെ രണ്ടാം നിലയില്‍ താല്‍ക്കാലികമായി ഒരുക്കിയ ഓഫീസ് മുറിയില്‍ തമിഴ്നാട് ഭരണം നിയന്ത്രിച്ചിരുന്നത് ഷീലയായിരുന്നു.

Top