ദില്ലി: മലയാളിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എന്നാല്‍, മര്‍ദ്ദിച്ചെന്നു പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നും സംശയമുണ്ട്.
പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് പരിശോധനകളും നടത്തിയതിനുശേഷമേ ഇതിലുള്ള സ്ഥിരീകരണമുണ്ടാകൂ. മയൂര്‍ വിഹാറിലെ പാന്‍മസാല വില്‍പനക്കാരനും രണ്ടാണ്‍ മക്കളുമാണ് കേസില്‍ പ്രതികള്‍. മൂന്നു പേര്‍ക്കെതിരേയും കൊലക്കുറ്റമാണ് ചുമത്തയിട്ടുള്ളത്. പ്രതികളെ ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉച്ചയ്ക്കു മുമ്പ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ പ്രദേശത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. പോസ്റ്റുമാര്‍ട്ടത്തില്‍ മരണകാരണം കൃത്യമായി വ്യക്തമല്ലാത്തതിനാല്‍ അസ്വാഭാവിക മരണത്തിനാണ് കേസ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മുഴുവന്‍ വിശദീകരണങ്ങളും പുറത്തു വിടാനാകില്ലെന്നും ദില്ലി പൊലീസ് അറിയിച്ചു. പാന്‍മസാല ജീവനക്കാര്‍ രജത്തിന്റെ കഴുത്തിലും തലയിലും അടിച്ച ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് സഹപാഠികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിനകത്തും പുറത്തും മുറിവുകളും ചതവും കണ്ടെത്താനായില്ലെന്നും അതിനാല്‍ അസ്വാഭിവക മരണം സ്ഥരീകരിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതിനു പിന്നാലെയാണ് പൊലീസ് നിലപാട് അറിയിച്ചത്. മര്‍ദ്ദനത്തിന്റെ ആഘാതത്തില്‍ ഹൃദയസംബന്ധമായ പ്രശനങ്ങള്‍ ഉണ്ടായി കുട്ടി മരണപ്പെട്ടതാകാമെന്നുമാണ് പൊലീസ് പ്രതികരണം.
അതേസമയം, പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മുഴുവന്‍ വിശദാംശങ്ങളും പ്രസിദ്ദീകരിക്കാനാകില്ലെന്നും ദില്ലി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം മര്‍ദ്ദനമേറ്റ് കഴുത്ത് തൂങ്ങിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്ന സിസിടിവി രംഗങ്ങളും സഹപാഠികളുടെ മൊഴി ശരിവയക്കുന്നതാണ്. ആക്രമണം നടന്ന പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് തെളിവുകള്‍ പൊലീസിന് കൈമാറുമെന്ന് സ്ഥലം എംഎല്‍എ മനോജ് കുമാറും പ്രതികരിച്ചു.