
സ്റ്റേജ് ഷോ അവതരിപ്പിക്കാന്‍ എന്ന് പറഞ്ഞ് കബളിപ്പിച്ച് ദുബായില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തില്‍ പൂട്ടിയിടപ്പെട്ട മലയാളി നര്‍ത്തകിയെ മോചിപ്പിച്ചു. കാസറഗോഡ് സ്വദേശിനിയായ 19കാരിയാണ് കമ്യൂണിറ്റി പോലീസ് അംഗത്തിന്റെ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനും അബുദാബിയില്‍ കമ്യൂണിറ്റി പോലീസ് അംഗവുമായ ബിജുവിന്റെ അവസരോചിത ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്.
ഏപ്രിൽ 23നാണ് ചെന്നൈയിലെ രവി എന്ന ഇടനിലക്കാരൻ വഴി യുവതി ദുബായിൽ എത്തിയത്. അവിടെ എത്തിയപ്പോൾ തന്നെ ചതിയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. പലർക്കും കാഴ്ചവയ്ക്കാനാണു തന്നെ എത്തിച്ചതെന്നു മനസിലാക്കിയ യുവതി ആദ്യം ഭർത്താവിനെ വിവരം അറിയിച്ചു. ഇതേത്തുടർന്നാണു കാസർഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണിന് ഭർത്താവ് പരാതി നൽകുന്നത്.
ഇവരുടെ ഇടപെടലിലൂടെ ബിജു കരുനാഗപ്പള്ളിയെ യുവതി വാട്സ് ആപ്പിലൂടെ തന്‍റെ അവസ്ഥ ബോധിപ്പിച്ചു. തുടർന്ന് ബിജു നടത്തിയ സമയോചിത ഇടപെടലിലൂടെ ദേര പോലീസ് പൂട്ടിയിട്ടിരുന്ന സ്ഥലം കണ്ടെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പോലീസ് എത്തുന്പോൾ 15 ഓളം യുവതികൾ സംഘത്തിന്‍റെ തടങ്കലിലായിരുന്നു. ഇവരെയും പോലീസ് മോചിപ്പിച്ചു.
യുവതികളെ ദുബായിൽ എത്തിച്ച തമിഴ്നാട് സ്വദേശികളോട് പോലീസ് സ്റ്റേഷനിൽ എത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്‍റെ ഇടപെടലിലൂടെ യുവതിക്ക് ഇന്ന് നാട്ടിൽ തിരിച്ചെത്താൻ കഴിയും. ഇവർ ഇന്നു വൈകുന്നേരത്തോടെ നാട്ടിലെത്തുമെന്നാണു അറിയുന്നത്.