കൊല്‍ക്കത്ത: നാരദ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ വിദേശ പണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണം. ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയവരെ കണ്ടെത്തുമെന്നും മമത പറഞ്ഞു. വിദേശ പണവും തനിക്കെതിരായുള്ള ഗൂഢാലോചനയുമാണ് ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍. കൊല്‍ക്കത്തയിലെ സത്യനാരായണ്‍ പാര്‍ക്കില്‍ നടന്ന തൃണമുല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയാതിരുന്നു മമത. തൃണമുല്‍ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് നാരദ ന്യുസ് പുറത്തുവിട്ടത്.
ഒളിക്യാമറ ഒപ്പറേഷനുള്ള പണം വിദേശത്തു നിന്ന് കിട്ടിയതാണ്. അല്ലാതെ ഒളിക്യാമറ ഓപ്പറേഷനുള്ള പണം അവര്‍ക്കെവിടെ നിന്നു കിട്ടാന്‍? ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ആരെല്ലാമാണ് ഒളിക്യാമറ ഓപ്പറേഷനെ സഹായിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാമാജികരും മമതയുടെ വിശ്വസ്തരും കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസമാണ് നാരദ ന്യുസ് പുറത്തു വിട്ടത്. 11 തൃണമൂല്‍ സാമാജികരാണ് ഓപ്പറേഷനില്‍ കുടുങ്ങിയത് .