കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി പോരാടേണ്ടിവന്ന സംസ്ഥാനമാണ് വെസ്റ്റ് ബംഗാള്‍. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ സംഘര്‍ഷമുണ്ടാകുന്ന തരത്തിലേയ്ക്ക് പലപ്പോഴും കാര്യങ്ങളെത്തിയിരുന്നു. ഇതിന്റെ ബാക്കിപത്രമായി പാര്‍്ടടി ഓഫീസുകള്‍ പരസ്പരം പിടിച്ചെടുക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.
നോര്‍ത്ത് 24 പര്‍ഗന ജില്ലയിലുള്ള ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു. പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അര്‍ജുന്‍ സിങിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഓഫീസ് തങ്ങള്‍ തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു സംഭവം. നോര്‍ത്ത് 24 പര്‍ഗനസിലെ നൈഹിതിയില്‍ പ്രതിഷേധം നടത്തിയ ശേഷമാണ് മമത ബിജെപി ഓഫീസിലേക്കെത്തിയത്. ഓഫീസില്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ശേഷം ചുമരില്‍ തൃണൂല്‍ കോണ്‍ഗ്രസ് എന്നെഴുതുകയും പാര്‍ട്ടിയുടെ ചിഹ്നം വരയ്ക്കുകയുമായിരുന്നു. മമത തന്നെയാണ് ചുമരില്‍ പാര്‍ട്ടിയുടെ ചിഹ്നം വരച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ആയ അര്‍ജുന്‍ സിങ് പാര്‍ട്ടി വിട്ടപ്പോള്‍ ഓഫീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബരാക്പുര്‍ മണ്ഡലത്തില്‍ നിന്ന് ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് അര്‍ജുന്‍ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി എംഎല്‍എമാരടക്കം നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഈ നേതാക്കളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും തൃണമൂല്‍ ഓഫീസുകള്‍ ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.