കൊല്‍ക്കത്ത: ബംഗാളി സിനിമ കാണിക്കാത്ത തിയേറ്റര്‍ ഇനി ബംഗാളില്‍ വേണ്ടെന്ന് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ സിനിമാ തിയേറ്ററുകളും ബംഗാളി സിനിമകള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാളി ചലച്ചിത്ര മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
ഒരു വര്‍ഷത്തില്‍ 120 ദിവസം നിര്‍ബന്ധമായും സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും പ്രൈം ഷോ ടൈമില്‍ ബംഗാളി ഭാഷയിലുള്ള ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്.
പ്രൈം ഷോ ടൈമായ ഉച്ചയ്ക്ക് 12നും രാത്രി ഒന്‍പതിനും ഇടയിലുള്ള സമയത്താണ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടത്. ഇത്തരത്തില്‍ ഏറ്റവും ചുരുങ്ങിയത് ദിവസത്തില്‍ ഒരു ബംഗാളി ചലച്ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സ് അടക്കമുള്ള എല്ലാ തിയേറ്ററുകളും ഇത് പാലിച്ചിരിക്കണമെന്നും നോട്ടീസിലുണ്ട്.