ഹൈദരാബാദ്: രാഷ്ട്രീയപ്രവേശനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തന്റെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്.
സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം? മമ്മൂട്ടി ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു തെലുങ്കു സിനിമ ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി. 70 ലധികം നവാഗത സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അവരില്‍ ഭൂരിഭാഗവും സിനിമ ചെയ്യുന്നുണ്ട്. മഹി നവാഗത സംവിധായകനല്ല. എന്നാല്‍ ചെറുപ്പമാണ്. അദ്ദേഹത്തിന് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.
ഞാന്‍ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ചു, അതിനനുസരിച്ച് അഭിനയിച്ചു. വൈ.എസ്.ആറിനെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വൈ.എസ്.ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അതില്‍ അല്‍പ്പം ഭാവനയുമുണ്ട്.
വൈ.എസ്.ആറിനെ അവതരിപ്പിക്കാന്‍ ഞാന്‍ വലിയ ഗവേഷണമൊന്നും നടത്തിയില്ല. ഭാഷ വ്യത്യസ്തമായിരിക്കാം എന്നാല്‍ മനുഷ്യരുടെ വികാരം എല്ലായിടത്തും ഒരുപോലെയാണ്. എന്നാല്‍ ഡബ്ബിങ്ങില്‍ നന്നായി ശ്രദ്ധ ചെലുത്തി- മമ്മൂട്ടി പറഞ്ഞു. ഫെബ്രുവരി 8 ന് പുറത്തിറങ്ങുന്ന യാത്ര, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സുഹാസിനി മണിരത്‌നം, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.