ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ പീക്ക് ടൈമില്‍ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. പകല്‍സമയം കുട്ടികള്‍ അടക്കമുള്ളവര്‍ ചാനല്‍ കാണുന്നതിനിടെയാണ് അശ്ലീല ഓഡിയോ പുറത്തു വിട്ടത്. മന്ത്രിയുടേതെന്ന പേരില്‍ അശ്ലീല ഓഡിയോ പ്രസിദ്ധീകരിച്ചതോടെ ചാനലില്‍ ചര്‍ച്ചയ്ക്കിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ ചെവിപൊത്തുകയായിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ഒരാള്‍ നിങ്ങള്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുക കൂടി ചെയ്തു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെ അശ്ലീല ഓഡിയോ ചര്‍ച്ച ചെയ്ത ചാനല്‍ മന്ത്രിയുടെ ഓഡിയോ പല തവണ ആവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു. ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ആരോപിച്ചാണ് ഇപ്പോള്‍ എന്‍സിപി പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം വനിതാ സംഘടനകളും മംഗളത്തിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെയും അശ്ലീതകളുടെയും അതിര്‍വരമ്പ് ലംഘിക്കുന്ന പരിപാടികള്‍ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന മാനദണ്ഡമാണ് ടെലിവിഷന്‍ ചാനലുകള്‍ക്കടക്കം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, ഇതെല്ലാം ലംഘിച്ചാണ് മംഗളം ചാനല്‍ കഴിഞ്ഞ ദിവസം മന്ത്രിയുടേതെന്ന പേരില്‍ അശ്ലീല ഓഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നതും. ഇതിനിടെ മാധ്യമപ്രവര്‍ത്തനത്തിനു അരുതാത്ത രീതിയിലുള്ള കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ ദേശീയ ട്രൈബ്യൂണലിനും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്കും, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിനും എന്‍സിപി നേതാക്കളും ഒരു വിഭാഗം വനിതാ നേതാക്കളും പരാതി നല്‍കിയിട്ടുണ്ട്.