തിരുവനന്തപുരം:മന്ത്രി ശശീന്ദ്രനെ രാജിവെപ്പിച്ച ഫോണ്‍ സംഭാഷണത്തില്‍ ഖേദം പ്രകടിപ്പിച്ച് ചാനല്‍ രംഗത്ത് വന്നിരിക്കുകയാണ് . ചാനല്‍ സിഇഒ അജിത്ത് കുമാറാണ് ചാനലിലൂടെ തന്നെ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. സ്വയം തയ്യാറായി മുന്നോട്ടുവന്ന മാധ്യമപ്രവര്‍ത്തകയാണ് സംഭവം ഏറ്റെടുത്ത് ചെയ്തതെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. സ്റ്റിംഗ് ഓപ്പറേഷനായിരുന്നു അതെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി. ആര്‍ അജിത്കുമാറിന്റെ കുറ്റസമ്മതവും മാപ്പപേക്ഷയുമുണ്ടായത് നില്‍ക്കക്കള്ളിയില്ലെന്നു വന്നപ്പോള്‍. മന്ത്രിസഭായോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍തന്നെ മംഗളത്തിന്റെ നില പരുങ്ങലിലായിരുന്നു. പിന്നീട്, വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് അന്വേഷണവും വൈകിട്ടോടെ ക്രൈംബ്രാഞ്ച് അന്വേഷണവും കൂടിയായതോടെ മംഗളത്തിന് പിടിവള്ളി നഷ്ടമാവുകയായിരുന്നു. എന്നാല്‍, മാപ്പപേക്ഷ കൊണ്ട് നിലവിലെ സാഹചര്യത്തില്‍ മംഗളത്തിന് അന്വേഷണങ്ങളില്‍നിന്നോ നടപടികളില്‍നിന്നോ രക്ഷപ്പെടാനാവില്ലെന്നാണു സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് മംഗളം ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ബിഗ് ബ്രേക്കിങ് എന്നു പറഞ്ഞാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തുന്നതായി ഓഡിയോ ക്ലിപ്പ് അടക്കം പുറത്തുവിട്ടത്. കണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയോടാണ് മന്ത്രി ഇങ്ങനെ പെരുമാറിയതെന്നും പരാതിക്കാരിക്കു പൊതു മധ്യത്തില്‍ വരാന്‍ ഈ സമയത്തു കഴിയില്ലെന്നുമായിരുന്നു ചാനലിന്റെ അവകാശവാദം. വാര്‍ത്ത പുറത്തുവന്നപ്പോള്‍തന്നെ ചാനല്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. മന്ത്രി ശശീന്ദ്രന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചെങ്കിലും കേരള സമൂഹം ചര്‍ച്ച തുടര്‍ന്നു.
പരാതിക്കാരിയില്ലെന്നും ചാനല്‍ ഹണിട്രാപ്പിലൂടെ കെട്ടിച്ചമച്ചതാണ് ഓഡിയോയെന്നുമുള്ള വിവരവും പുറത്തുവന്നു. അതിനിടെ, സിപിഐഎം മന്ത്രിമാര്‍ അടക്കമുള്ളവരുടെ ബ്രേക്കിങ് ന്യൂസുകള്‍ പുറത്തുവിടുമെന്ന രീതിയില്‍ മംഗളവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നു പ്രചാരണവുമുണ്ടായി. സംഭവം സംസ്ഥാന സര്‍ക്കാരിന് കനത്ത ക്ഷീണമാണുണ്ടാക്കിയത്. മന്ത്രിയുടെ രാജി കിട്ടിയ ഉടനെ അതു സ്വീകരിച്ചെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ധാര്‍മികത മാത്രം നോക്കിയാണു മന്ത്രിയുടെ രാജിക്ക് അനുമതി നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ സംഭവത്തോടുള്ള അനിഷ്ടം മുഴുവന്‍ നിറഞ്ഞിരുന്നു.
പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അതോടെതന്നെ മംഗളത്തിന്റെ വാദങ്ങള്‍ക്ക് മങ്ങലേറ്റു തുടങ്ങി. പക്ഷേ, ചാനല്‍ സ്റ്റുഡിയോകളില്‍ പ്രത്യക്ഷപ്പെട്ട ആര്‍ അജിത്കുമാര്‍ വാദത്തില്‍ ഉറച്ചുനിന്നു. തിരുവനന്തപുരത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാര്‍ നടത്തിയ എന്റെ ചോര തിളയ്ക്കുന്നു എന്ന ടോക് ഷോയില്‍ മംഗളത്തിനു തെറ്റുപറ്റിയെങ്കില്‍ താന്‍ ആ നിമിഷം ജോലി അവസാനിപ്പിക്കുമെന്നുവരെ അജിത്കുമാര്‍ പ്രഖ്യാപിച്ചു. അതിനിടയിലാണ് ചാനലില്‍ സബ് എഡിറ്ററായ അല്‍ നീമ അഷ്റഫ് എന്ന മാധ്യമപ്രവര്‍ത്തക നിലപാടുകളില്‍ വിയോജിച്ച് രാജിപ്രഖ്യാപിച്ചത്. അല്‍ നീമയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച് മാധ്യമലോകവും പൊതു സമൂഹവും രംഗത്തെത്തിയതോടെ മംഗളം അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുകയായിരുന്നു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്സ് അവറില്‍ പ്രത്യക്ഷപ്പെട്ട അജിത് കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചാവതാരകന്‍ അഭിലാഷ് മോഹന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറിയതോടെ മംഗളത്തിന് തെറ്റിയെന്ന ധാരണ സമൂഹത്തില്‍ ശക്തമായി. മംഗളത്തിന്റെ തൃശൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടി രാജിവച്ചതോടെ ചാനലിന്റെ പ്രതിസന്ധി അതിരൂക്ഷമായി. പിന്നാലെ, ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയായി. അന്വേഷണം വന്നാല്‍ ചാനല്‍ തലപ്പത്തുള്ളവര്‍ കുടുങ്ങുമെന്ന നിലയായി.
ഈ സാഹചര്യത്തിലാണ് മാപ്പുപറഞ്ഞു തടിയൂരാന്‍ മംഗളം നിര്‍ബന്ധിതമായത്. മാപ്പുപറഞ്ഞു പൊതു സമൂഹത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മംഗളത്തിനു കഴിയുമെങ്കിലും അന്വേഷണത്തില്‍നിന്നു മോചിതമാവില്ല. അന്വേഷണവുമായി മുന്നോട്ടു പോകാന്‍ തന്നെയാണു സര്‍ക്കാരിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട സകല വിവരങ്ങളും അന്വേഷണസംഘത്തിന് മുമ്പാകെ നല്‍കേണ്ടിവരും. മന്ത്രിയെ കുടുക്കിയെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തക അടക്കമുള്ളവര്‍ക്കെതിരേയും നടപടിയുണ്ടാകും. സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ അയവുണ്ടാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മംഗളത്തിന് തിരിച്ചടിതന്നെയായിരിക്കും. അതായത്, സാധാരണ അപകീര്‍ത്തി കേസുകളില്‍ മാപ്പു പറഞ്ഞു തലയൂരുന്ന മാധ്യമങ്ങളുടെ രീതി ഇവിടെ വിലപ്പോവില്ലെന്നു ചുരുക്കം.
അതിനിടെ, ശശീന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ നാട മുറിക്കാന്‍ കത്രികയുമായി നിന്ന പരപ്പനങ്ങാടി സ്വദേശിയായ ഇരുപതുകാരിയുടെ ചിത്രം അപകീര്‍ത്തികരമായി പ്രചരിപ്പിച്ച കേസിലും മംഗളം കുടുങ്ങും. ആര്‍ അജിത്കുമാറും ചാനലിലെ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപുമാണ് ഈ ചിത്രം പല വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസില്‍ അജിത്കുമാറിനെയും പ്രദീപിനെയും ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സാധാരണ മാധ്യമങ്ങള്‍ക്കു നേരെയുണ്ടാകുന്ന വിമര്‍ശനങ്ങളില്‍ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പിന്തുണ വലിയ തോതില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ഇവിടെ മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും ഏറ്റവും ജൂനിയറായ മാധ്യമപ്രവര്‍ത്തകരും പോലും എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് നടപടിയുണ്ടായാലും വലിയ തോതില്‍ സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ വിമര്‍ശനമുണ്ടാകാത്ത സാഹചര്യവുമുണ്ട്.