കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രവര്‍ത്തിച്ച മംഗളം ചാനല്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞ് പിന്‍വലിഞ്ഞത് കുടുങ്ങും എന്ന് ഉറപ്പായപ്പോള്‍. സ്റ്റിങ് ഓപ്പറേഷന്‍, ഹണിട്രാപ്പ് എന്നിവ തങ്ങള്‍ ചെയ്തിട്ടില്ലെന്നും എല്ലാം ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ കുറ്റമാണെന്നും വ്യാഴാഴ്ച വൈകിട്ടുവരെ ആവര്‍ത്തിച്ചു പറഞ്ഞ മംഗളം എംഡി ആര്‍ അജിത്കുമാര്‍ രാത്രി ഒമ്പതിനുശേഷമാണ് തീരുമാനം മാറ്റിയത്.
എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കാനിടയായ ഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തു വിട്ടത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ അനുകൂലമായും പ്രതികൂലമായും നവമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന ആരോപണങ്ങള്‍ക്ക് മറുപടിയുന്ന ചാനല്‍ സിഇഒ പങ്കെടുത്ത പരിപാടിക്കും വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയില്‍ ലഭിച്ചത്. പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ തന്നെ മംഗളം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയരുന്നു.
മംഗളം ചാനല്‍ എന്നും നന്മയുടെ പക്ഷത്താണെന്നും, മന്ത്രിയെ കുടുക്കിയത് ചാനല്‍ ജീവനക്കാരിയുടെ സ്വന്തം തീരുമാനപ്രകാരവും താല്‍പര്യത്തിലുമാണെന്ന് അജന്താലയം അജിത് കുമാര്‍ ഉളുപ്പില്ലാതെ മാറ്റിപ്പറഞ്ഞു. എല്ലാത്തിനും ‘ലേലു അല്ലു’പറഞ്ഞതോടെ ഒന്നും അവസാനിക്കുന്നില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഇനി കഥ മാറിമറിഞ്ഞത് എങ്ങനെയെന്ന് പറയാം. സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയിട്ടില്ല എന്നു പറഞ്ഞുനടന്ന അജിത്കുമാര്‍ ഒടുവില്‍ എല്ലാം സ്റ്റിങ് ഓപ്പറേഷന്‍ ആണെന്ന് സമ്മതിച്ചപ്പോഴും അതിന്റെ ഉത്തരവാദിത്തം ഒരു ലേഖികയുടെ തലയില്‍ ചാര്‍ത്തി തടിയൂരാന്‍ണ് ശ്രമിക്കുന്നത്.
എന്നാല്‍ ഈ ലേഖികയെ വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടത്തെ കണിയാപുരത്തെ വീടിന് മുന്നില്‍ പൊലീസ് സംഘം നിലയുറപ്പിച്ചതോടെ ഇവര്‍ അവിടെനിന്ന് സ്വന്തം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവര്‍ പോയത് ശശീന്ദ്രനെ രഹസ്യ കേന്ദ്രത്തിലേക്കാണ്. അവിടെ നിന്ന് അവര്‍ മംഗളത്തിന്റെ എംഡിയെ ബന്ധപ്പെട്ടു. പ്രശ്‌നങ്ങള്‍ കൈവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും അവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചാനലിന് വേണ്ടി നിന്ന തന്നെ കൈവിടരുതെന്നും ജ്യൂഡീഷ്യല്‍ അന്വേഷണവും മറ്റും തന്നെ ബാധിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനൊപ്പം പൊലീസും എല്ലാം മനസിലാക്കിയെന്നറിഞ്ഞതോടെയാണ് മംഗളം ചാനല്‍ എല്ലാ കുറ്റവും ഏറ്റുപറയാന്‍ തയാറായത്.
മാപ്പ് പറഞ്ഞ് സര്‍ക്കാരിന്റെ കോപം അടക്കാനുള്ള തന്ത്രമാണ് അജിത് കുമാര്‍ പയറ്റിയതെങ്കിലും കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലും, മംഗളം ചാനലിനും വരാന്‍ പോകുന്നതെന്നാണ് സര്‍ക്കാര്‍ തലത്തില്‍നിന്ന് ലഭിക്കുന്ന സൂചന. അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് കൂട്ടുനിന്നതിന് അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. കൂടാതെ ഒരു മന്ത്രിയെ ഹണിട്രാപ്പില്‍ വീഴ്ത്തിയതിനും, അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറിയതിനും പരാതിക്കാരുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. എന്‍സിപി യുവജന വിഭാഗം നേതാവുതന്നെ കേസ് നല്‍കിയിട്ടുണ്ട്. ഈ പരാതി പരിഗണിച്ചായിരിക്കും തുടര്‍നടപടി.
നീല മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് മംഗളം ചാനലിന്റെ സംപ്രേഷണാനുമതി ചോദ്യം ചെയ്യാനും എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, സിപിഐ എം എന്നീ രാഷ്ട്രീയ പാര്‍ട്ടികളുമായി ഓരോ സംസ്ഥാനത്തിലും ഓരോ അടവ് നയം സ്വീകരിക്കുന്ന എന്‍സിപി കേന്ദ്ര നേതൃത്വത്തിന് എളുപ്പത്തില്‍ ഇക്കാര്യം സാധ്യമാകുമെന്ന് സംസ്ഥാന നേതാക്കള്‍ സൂചിപ്പിക്കുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും കടുത്ത പ്രതിസന്ധിയിലേക്കാണ് മംഗളം നീങ്ങുന്നത്.