മംഗളം ചാനൽ വരുന്നു: മംഗളം പത്രത്തിലെ ജീവനക്കാർ ചാനലിനു വേണ്ടിയും ഇനി പണിയെടുക്കണം; ഒരു ശമ്പളത്തിൽ ഇരട്ടിപ്പണി

സ്വന്തം ലേഖകൻ

കൊച്ചി: ദൃശ്യമാധ്യമ രംഗത്ത് പുതുയുഗത്തിനു തുടക്കമിടുകയാണെന്നു പ്രഖ്യാപിച്ച് മംഗളം പത്രത്തിന്റെ നേതൃത്വത്തിൽ പുതിയ ചാനൽ വരുന്നു. എന്നാൽ, ഈ ചാനൽ മംഗളം പത്രത്തിലെ മാധ്യമപ്രവർത്തകർക്കു ഇരട്ടിപണിയാണ് നൽകുന്നത്. നിലവിലുള്ള ശമ്പളത്തിൽ തന്നെ പത്രത്തിന്റെ പ്രവർത്തകരും ചാനലിനു വേണ്ടിയും ജോലി ചെയ്യേണ്ടി വരും. വേജ് ബോർഡ് പോലും നല്ല രീതിയിൽ നടപ്പിലാക്കാത്തതിനു വിമർശം കേട്ട മംഗളം ചാനലാണ് പത്രപ്രവർത്തകരെക്കൊണ്ടു ഇരട്ടിപ്പണിയെടുപ്പിക്കുന്നത്.
2016 അവസാനത്തോടെ ലോഞ്ച് ചെയ്യാൻ ലക്ഷ്യമിട്ടിരിക്കുന്ന ചാനൽ പത്രത്തിൽ ജോലി ചെയ്യുന്നവരെക്കൊണ്ടു തന്നെ നടത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇട്ടിരിക്കുന്നത്. ചാനലിനു വേണ്ടി മാത്രമായി വിരലിലെണ്ണാവുന്ന ജീവനക്കാരെ മാത്രമാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. വളരെക്കുറച്ച് ജീവനക്കാർ മാത്രം പ്രധാന കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന രീതിയിലാണ് ചാനലിന്റെ സ്റ്റാഫ് പാറ്റേൺ അധികൃതർ ക്രമീകരിച്ചിരിക്കുന്നത്. ന്യൂസ് ഡെസ്‌കിലും എഡിറ്റോറിയലിലെ പ്രധാന മേഖലകളിലും മാത്രമാണ് നിലവിൽ ചാനലിലുനു വേണ്ടി മാത്രമായി ഉള്ളത്.
ബ്യൂറോകളിൽ ജോലി ചെയ്യുന്ന മംഗളം പത്രത്തിന്റെ ജീവനക്കാർക്കാണ് ഇതിന്റെ ഭാരം അനുഭവപ്പെടുക. പത്രത്തിലെ ബ്യൂറോചീഫ് മുതൽ താഴേയ്ക്കുള്ള ജീവനക്കാർക്ക് ഇനി ചാനലിന്റെ ജോലി കൂടി ചെയ്യേണ്ടി വരും. മുഴുവൻ സമയ വാർത്തകൾക്കും പത്രത്തിലെ ജീവനക്കാർ ജോലി ചെയ്യേണ്ടി വരും. ഓരോ പത്രത്തിന്റെ ബ്യൂറോയ്ക്കും ചാനലിന്റെ ഒരു ക്യാമറാമാനേകൂടി നൽകും. പത്രത്തിനുള്ള ഫോട്ടോയും, ചാനലിനുള്ള വീഡിയോയും ഇവർ തന്നെ കവർ ചെയ്യേണ്ടിയും വരും. നേരത്തെ കൗമുദി ചാനലും ആദ്യഘട്ടങ്ങളിൽ പത്രത്തിലെ ജീവനക്കാരെ തന്നെ ഉപയോഗിച്ചു വാർത്ത ശേഖരിച്ചിരുന്നു. മാതൃഭൂമി ചാനലിലെ റിപ്പോർട്ടർമാർ പത്രത്തിലും വാർത്തയെഴുതുന്നുണ്ട്.
എന്നാൽ, അന്യായമായ രീതിയിൽ ജീവനക്കാർക്കു ശമ്പളം നൽകാതെ പണിയെടുപ്പിക്കുന്നതിനെതിരെ കേരള പത്രപ്രവർത്തക യൂണിയനോ മറ്റു സംഘടനകളോ ഇതുവരെയായും നടപടികളൊന്നും എടുത്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top