ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന് പിന്നാലെ മണിയുടെ ഭാര്യയും രംഗത്തെത്തിയതോടെ മണിയുടെ മരണം കൂടുതല്‍ ദുരൂഹമാവുകയാണ്. മദ്യം കഴിച്ചില്ലെന്ന് ടിവി അവതാരകന്‍ സാബുപറഞ്ഞെങ്കിലും ഇത് കളവാണെന്ന് മണിയുടെ മാനേജര്‍ വീട്ടുകാരോട് പറഞ്ഞതും കാര്യങ്ങള്‍ വഷളാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മണിയുടെ സഹായികളായി മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായതോടെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് സൂചന.
കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിനുളള തെളിവുകളും പോലീസിന് ലഭിച്ചു. പ്രത്യേക അതിഥികളെത്തുമ്പോഴാണ് ചാരായം കൊണ്ടുവരാറുണ്ടെന്ന് സുഹൃത്തുക്കളും നാട്ടുകാരും മൊഴിനല്‍കി. മണിയുടെ സഹായികളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ മണി ചാരായം കുടിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, മരണത്തിന്റെ തലേദിവസം ചാരായം കൊണ്ടുവന്നതിന് സ്ഥിരീകരണമില്ല. രാസപരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൈമാറിയേക്കും.
അതിനിടെ കലാഭവന്‍ മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഭാര്യ നിമ്മിയും പറഞ്ഞു. മണി ബിയര്‍ മാത്രമേ കഴിക്കാറുണ്ടായിരുന്നുള്ളൂ. യാതൊരു കുടുംബ പ്രശ്‌നവും ഉണ്ടായിരുന്നില്ല. മണിയോട് ആര്‍ക്കും ശത്രുതയില്ല. മണിക്ക് കരള്‍ രോഗം ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നത് മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും നിമ്മി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. എല്ല സത്യവും അന്വേഷത്തിലൂടെ പുറത്തുവരുമെന്നും നിമ്മി അറിയിച്ചു.
മദ്യപാനം ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മദ്യം നല്‍കിയെന്നാണ് നിമ്മി പറയുന്നത്. ബിയര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അറിയാമായിരുന്നത്. സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ മാത്രമായിരുന്നു ഇത്. വീട്ടില്‍ മദ്യപിക്കില്ലായിരുന്നു. മദ്യപിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടിരുന്നില്ല. സുഹൃത്തുക്കളെ കാണുമ്പോള്‍ മദ്യപിക്കുമായിരുന്നു. ഇത് ബിയറാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും നിമ്മി പറയുന്നു. കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് നിമ്മി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിമ്മി പറഞ്ഞു. മണി ഒരു മാസമായി വീട്ടില്‍ വന്നിരുന്നില്ലെന്നത് ശരിയാണ്. അത് പരിപാടികളുടെ തിരക്ക് മൂലമായിരുന്നു. ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു.അന്നും അതിന് ശേഷം വിവാഹ വാര്‍ഷികത്തിനും വീട്ടില്‍ വന്നിരുന്നു. അസുഖം കൂടി ആശുപത്രിയില്‍ പോയത് താന്‍ അറിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകം പരാതി നല്‍കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും അറിയിച്ചു. രാസപരിശോധനാ ഫലം വന്നതിന് ശേഷമായിരിക്കും പരാതി നല്‍കുക.
മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായാണ് സൂചന. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തില്‍ ഈ വിവരമുണ്ടെന്നാണ് അറിയുന്നത്. പരിശോധനാഫലം ഇന്ന് അധികൃതര്‍ക്ക് കൈമാറിയേക്കും. ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണ് ഇതെന്നാണ് നിഗമനം. മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. ഒപ്പം മദ്യപിച്ചവരുടെ ശരീരത്തിലില്ലാത്ത മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) മണിയുടെ ശരീരത്തില്‍മാത്രം വന്നത് എങ്ങനെയെന്നാണ് സംശയം.
അതിനിടെ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ അരുണ്‍, വിപിന്‍, മുരുകന്‍ എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ സഹായികളാണ് ഇവര്‍. ഇന്നലെ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത ഇവരെ ഇപ്പോഴും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം മണിയുടെ വീട്ടിനടുത്തുള്ളവരും സ്ഥിരീകരിക്കുന്നുണ്ട്. ഇവരെത്തി പാഡി വൃത്തിയാക്കിയ ശേഷം ചില സാധനങ്ങള്‍ എടുത്തുകൊണ്ട് പോയെന്നും നാട്ടുകാര്‍ പറയുന്നു.