കോട്ടയം: മന്ത്രി കെ.എം മാണി മന്ത്രിസഭയിലേയ്ക്കു മടങ്ങിയെത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചെങ്കിലും കേരള കോണ്‍ഗ്രസിനു ഈ വിഷയത്തിലുള്ള മൗനം വാചാലമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി രഹസ്യ സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാമെന്നു പ്രതീക്ഷിക്കുന്ന കേരള കോണ്‍ഗ്ര്‌സ യുഡിഎഫുമായുള്ള തര്‍ക്കം നിലനിര്‍ത്തുന്നതിനായാണ് ഇപ്പോള്‍ മന്ത്രിസഭയിലേയ്ക്കു തിരികെ എത്താതതെന്നാണ് സൂചന ലഭിക്കുന്നത്. മകന്‍ ജോസ് കെ.മാണിയെ കേന്ദ്രമന്ത്രിയാക്കുന്നതിനുള്ള ചര്‍ച്ചകളും കേരള കോണ്‍ഗ്രസ് ബിജെപി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
കെ.എം. മാണി ധനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി ബഡ് ജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടെങ്കിലും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് വൈകുമെന്ന് മാണിയുമായി അടുപ്പമുള്ള നേതാക്കള്‍ അറിയിച്ചു. ജോസ് കെ. മാണി എം.പി അടക്കമുള്ള നേതാക്കള്‍ക്കും പെട്ടെന്നു മന്ത്രിസഭയിലേക്ക് മടങ്ങിപ്പോകുന്നതിനോട് താല്പര്യമില്ലെന്നാണ് അറിയുന്നത്.
മാണി നേരത്തേ രാജിവയ്ക്കുന്നതായിരുന്നു നല്ലതെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞിരുന്നു . ഇപ്പോള്‍ മാണി മന്ത്രിസഭയില്‍ തിരിച്ചെത്തുന്നതിനെ ജോസഫ് ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നതിനെയും സംശയത്തോടെയാണ് മാണി ഗ്രൂപ്പ് കാണുന്നത്.
ബാര്‍ കോഴ കേസ് അവസാനിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ മന്ത്രിയാകാതിരിക്കുന്നതാണ് നല്ലതെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇമേജ് മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന അഭിപ്രായം അടുപ്പമുള്ളവരോട് മാണി പ്രകടിപ്പിച്ചതായറിയുന്നത്.
ബാര്‍ കോഴക്കേസില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ കെ.എം. മാണി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ താല്പര്യം കാട്ടിതിരിക്കുന്നത് വഴി യു.ഡി.എഫിനെ സമ്മര്‍ദ്ദതന്ത്രത്തിലാക്കാനുംകഴിയും. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ തിരക്കിട്ടു മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയാല്‍ പ്രതിപക്ഷ പ്രതിഷേധ സമരത്തെയും നേരിടേണ്ടി വരും. മന്ത്രിയാകാതിരുന്നാല്‍ പ്രതിപക്ഷത്തിന് ഉത്തരം മുട്ടും .
മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പകരം മന്ത്രിയെ കെ.എം. മാണി നിര്‍ദ്ദേശിച്ചിരുന്നില്ല . മന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം ഒഴിവാക്കാനും പുതിയ അധികാരകേന്ദ്രം ഉണ്ടാകാതിരിക്കാനുമായിരുന്നു ഇത്. മന്ത്രിസ്ഥാനം രാജിവച്ച നേതാവ് കേസില്‍ അനുകൂല നിലപാട് ഉണ്ടായി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവന്നതിന്റെ പേരില്‍ പിളര്‍ന്ന ചരിത്രവും കേരളകോണ്‍ഗ്രസിന് പറയാനുണ്ട്.