ദില്ലി : മണിപ്പൂർ വീണ്ടും കത്തുന്നു. മണിപ്പൂരിൽ ബി ജെ പി മേഖല ഓഫീസിന് സമീപം വൻ സംഘർഷം. വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങുകയായിരുന്നു. ആൾകൂട്ടം റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു.റോഡ് തടഞ്ഞും ജനം പ്രതിഷേധിച്ചതോടെ ആളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബിജെപി ഓഫീസിന് സമീപമാണ് സംഘർഷം ഉടലെടുത്തത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അദ്ദേഹം ഹോട്ടലിൽ സുരക്ഷിതനാണ്. എന്നാൽ താൻ താമസിക്കുന്ന ഹോട്ടലിന് ചുറ്റും വെടിയൊച്ച കേൾക്കുന്നതായി സ്ഥലത്തുള്ള സിപിഐ നേതാവ് ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുറത്തെന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. ഹോട്ടലിന് പുറത്ത് നിന്നും വെടിയൊച്ച കേൾക്കാം. സർക്കാർ വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും ആനി രാജ ആരോപിച്ചു.
അതേ സമയം, കലാപം നടക്കുന്ന മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞത് രാവിലെ സംഘർഷത്തിൽ കലാശിച്ചു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, വ്യോമമാർഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. പ്രതിഷേധം നേരിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരില്‍ എത്തിയത്. കലാപ ബാധിതർ കഴിയുന്ന ക്യാമ്പുകൾ രാഹുൽ സന്ദർശിച്ചു. മണിപ്പൂർ സർക്കാർ തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആദ്യ പ്രതികരണം. മണിപ്പൂരിലെ സഹോദരി സഹോദരന്മാരെ കേള്‍ക്കാനാണ് വന്നത്. എല്ലാ വിഭാഗക്കാരും സ്നേഹത്തോടെ സ്വീകരിച്ചു. മണിപ്പൂരിന് സാന്ത്വനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രിയോടെ ഇംഫാലിലെ പ്രാദേശിക മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാങ്‌പോക്‌പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായിട്ടായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രതിഷേധം. മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആൾക്കൂട്ടം ഭീഷണി മുഴക്കി. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ പോലീസ് ശ്രമിച്ചു. തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്.
പിന്നാലെ നൂറോളം വരുന്ന ജനക്കൂട്ടം റോഡിലേക്ക് ഇറങ്ങി ടയറുകൾക്കും മറ്റും തീയിടുകയായിരുന്നു. നിരവധി സ്ത്രീകളും തെരുവിറങ്ങി. ബീരേൻ സിംഗ് സർക്കാരിനെതിരെ സ്ത്രീകൾ മുദ്രാവാക്യം വിളിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്ത്രീകൾ കുറ്റപ്പെടുത്തി.