നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യര്‍ വിസ്താരത്തിനായി കോടതിയിലെത്തി.ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്ന് പരിശോധിക്കും

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ ഹാജരായത്. ദിലീപ് പ്രതിയായ കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് മഞ്ജു ഹാജരായത്. കഴിഞ്ഞ ഫെബ്രുവരി 16നാണ് പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിക്കാനിരുന്നത്. എന്നാല്‍ നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കോടതി ഈ ആവശ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് മഞ്ജുവാര്യരെ വിസ്തരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ സാക്ഷി വിസ്താരം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ദിലീപിന്റെ ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ശബ്ദം തിരിച്ചറിയാന്‍ സാധിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മഞ്ജുവിനെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്. കേസില്‍ 232 സാക്ഷികളെ നിലവില്‍ വിസ്തരിച്ചു കഴിഞ്ഞു. അതില്‍ 202 പേര്‍ ആദ്യകുറ്റപത്രത്തിലെ സാക്ഷികളാണ്. ഇനി 35 പേരെ കൂടി വിസ്തരിക്കാനുണ്ട്. കേസില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുന്നതിനാല്‍ വിചാരണക്കോടതി തന്നെ സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിന്റെ വിചാരണ സുപ്രീം കോടതി നിര്‍ദേശിച്ച സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചു. കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി വേണമെന്നാണ് ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത് നടത്തുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെത്തി വിസ്തരിക്കാന്‍ ഹൈക്കോടതി ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചുമുള്ള പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

Top