സ്നേഹചുംബനം നൽകി മഞ്ജു വാര്യർ

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകാൻ സ്വന്തം പണക്കുടുക്ക പൊട്ടിച്ച പണം നൽകിയ ഷാദിയ എന്ന പെൺകുട്ടി മനുഷ്യ സമൂഹത്തിന് വലിയൊരു മാതൃകയാണ്. തലച്ചോറിനെ ബാധിച്ച ട്യൂമറിന് ചികിത്സ തുടരുമ്പോഴും താൻ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് മടിയില്ലാതെ സംഭാവനയായി നൽകിയ ഷാദിയ പലരുടെയും കണ്ണുനിറച്ചു. മഞ്ജു വാര്യരെ ഏറെ സ്നേഹിക്കുന്ന ഷാദിയ തന്റെ പ്രിയ താരത്തെ ഇപ്പോൾ നേരിൽ കണ്ടിരിക്കുകയാണ്. ഷാദിയയെ കണ്ട കാര്യം മഞ്ജുവാര്യര്‍ തന്നെയാണ് ഫെ‌യ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നന്നായി ചിത്രം വരയ്ക്കുകയും കളർ ചെയ്യുകയും ചെയ്യുന്ന ഷാദിയയ്ക്ക് മഞ്ജു കളറിംഗ് സെറ്റ് സമ്മാനമായി നൽകി. ഇഷ്ടതാരത്തിന് താൻ വരച്ച ചിത്രം ഷാദിയയും സമ്മാനമായി നൽകി.

ഷാദിയയുടെ ജീവിതത്തിൽ നിറങ്ങൾ നിറയട്ടെയെന്നും പെട്ടെന്ന് തന്നെ ഷാദിയയ്ക്ക് പഴയ ചിത്രശലഭമാകാൻ കഴിയട്ടെയെന്നും പ്രാർഥിച്ച് സ്നേഹ ചുംബനം നൽകിയാണ് മഞ്ജു ഷാദിയയെ യാത്രയാക്കിയത്.
രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്നങ്ങൾ ഷാദിയയ്ക്ക് ഒരുപാടുണ്ടെന്നും ഒപ്പം കരുണയുള്ള ഹൃദയവുമുണ്ടെന്നും മഞ്ജു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജുവാര്യരുടെ പോസ്റ്റിന്റെ പൂർണരൂപം…..

ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ
നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന്
ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി.
ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും
നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍
രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള
മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.
കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ
കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ
കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക
എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത്
ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു.
എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.
രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള
സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി
ചിത്രംവരയ്ക്കും,നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ
അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി
ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാൻ വല്യുമ്മയോട് സംസാരിക്കുമ്പോൾ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ അവളുടെ കണ്ണിൽ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ….സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ ചിരിക്കുന്നതു കാണാം. ഞാന്‍
ഒരു കളറിങ് സെറ്റ് കൊടുത്തപ്പോൾ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേർത്തു. അവള്‍ വരച്ചുവളരട്ടെ,ആ
ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…ഷാദിയയ്ക്ക് പെട്ടെന്ന് പഴയ
ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു
യാത്രയാക്കുമ്പോള്‍….

Top