കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കി. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നും കാണിച്ച് പോലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണിത് . സിനിമാ സംഘടനകള്‍ക്ക് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ചൂണ്ടിക്കാട്ടി നടി കത്തുനല്‍കി. സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് കത്ത് നല്‍കിയത്. താരസംഘടന അമ്മയെയും മഞ്ജു സമീപിച്ചുവെന്നാണ് സൂചന. പോലീസില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ സംഘടനകള്‍ക്ക് സമവായ നീക്കം നടത്തുന്നതിന് പരിമിതിയുണ്ട്. പോലീസ് അന്വേഷണത്തെ ബാധിക്കാത്ത രീതിയില്‍ സംഭവം പരിശോധിക്കുമെന്നാണ് ഫെഫ്കയുടെ നിലപാട്. അതേസമയം, ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യര്‍ക്ക് മറുപടിയുമായി രംഗത്തുവന്നു.
ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ചാണ് ഫെഫ്ക്കയ്ക്ക് മഞ്ജു പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ കാര്യവും ഫെഫ്ക്കയ്ക്ക് നല്‍കിയ കത്തില്‍ മഞ്ജു പറയുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഇടപെടാമെന്ന നിലപാടുമെന്ന് ഫെഫ്ക്ക ഭാരവാഹികള്‍ അറിയിച്ചതായാണ് സൂചന.
തിങ്കളാഴ്ച വൈകീട്ടാണ് പുതിയ വിവാദത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് പോലീസ് മേധാവിയെ നേരിട്ട് കണ്ട മഞ്ജുവാര്യര്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്തുമോ എന്ന് ഭയമുണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്.പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഒരുപക്ഷേ കേസ് അന്വേഷിച്ചേക്കും. അസാധാരമായ സംഭവമാണ് മഞ്ജുവിന്റെ പരാതിയിലൂടെ ഉണ്ടായിരിക്കുന്നത്. സാധാരണ സിനിമ രംഗത്തെ പ്രശ്‌നങ്ങള്‍ സംഘടനകള്‍ക്കകത്ത് പരിഹരിക്കാറാണ് പതിവ്.
മഞ്ജുവാര്യര്‍ ആദ്യം പോലീസില്‍ പരാതി പ്പെടുകയാണ് ചെയ്തത്. പിന്നീടാണ് സിനിമാ സംഘടനകളെ വിവരം അറിയിച്ചത്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ കാര്യങ്ങള്‍ പരിശോധിക്കാനാണ് സംഘടനകളുടെ തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവാദമാകാനാണ് സാധ്യത. വിവാഹത്തിന് ശേഷം മഞ്ജുവാര്യര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്നു.
വിവാഹ മോചനത്തിന് ശേഷമാണ് വീണ്ടും അഭിനയ രംഗത്തെത്തിയത്. ഈ ഘട്ടത്തില്‍ ശ്രീകുമാര്‍ മേനോനാണ് മഞ്ജുവിനെ സഹായിക്കാന്‍ രംഗത്തുവന്നത്. കല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്. ശ്രീകുമാര്‍ മേനോന്‍ ആദ്യം സംവിധാനം ചെയ്ത ചിത്രമായ ഒടിയനിലും മഞ്ജുവാര്യര്‍ ആയിരുന്ന നായിക. ഈ ചിത്രത്തിന് ശേഷം സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുമാണെന്ന് മഞ്ജു ആരോപിക്കുന്നു. ഇതിന് സഹായകമായ രേഖകളും മഞ്ജു പോലീസിന് കൈമാറി.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഞ്ജുവാര്യര്‍ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന് കൈമാറിയിരുന്നുവത്രെ. ഇത് ദുരുപയോഗം ചെയ്യുമോ എന്ന് ഭയമുണ്ടെന്നും മഞ്ജു പോലീസ് മേധാവിയെ ബോധിപ്പിച്ചുവെന്നാണ് വിവരം. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തന്നെ പല പ്രൊജക്ടുകളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും മഞ്ജുവാര്യര്‍ പറയുന്നു.അതേസമയം മഞ്ജു വാര്യര്‍ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പ്രതികരിച്ചു.