നായകന്‍-മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി.ആറാം തമ്പുരാനിലേയ്ക്കുള്ള ക്ഷണം ഞാന്‍ ഒരിക്കലും മറക്കില്ല:മഞ്ജു വാര്യര്‍

ആറാം തമ്പുരാനിലെ നായകന്‍ മോഹന്‍ലാല്‍ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്ന് നടി മഞ്ജു വാര്യര്‍ .ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലേയ്ക്കുള്ള ക്ഷണം ഒരിക്കിലും മറക്കില്ലയെന്നും മഞ്ജു വാര്യര്‍ പറയുന്നു. മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു മഞ്ജു ഇക്കാര്യം വിശദീകരിച്ചത്.
സിനിമയില്‍ വരുമെന്ന് പ്രതീക്ഷിച്ച വ്യക്തിയായിരുന്നില്ല ഞാന്‍. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായിരുന്ന എന്റെ ഫോട്ടോ ഏതോ ഒരു മാഗസിനില്‍ കവര്‍പേജായി വന്നു. തുടര്‍ന്നാണ് സിനിമയിലേക്കുള്ള പ്രവേശനം. സാക്ഷ്യമെന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലെ രാധ എന്ന കഥാപാത്രത്തിലൂടെയാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പത്രം, കന്മദം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി ധാരാളം ചിത്രങ്ങള്‍. ലാലേട്ടന്‍, ജയറാമേട്ടന്‍, സുരേഷേട്ടന്‍ തുടങ്ങി അനശ്വരനായകനടന്മാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഇതിനൊക്കെ ദൈവത്തിനോട് നന്ദി പറയുന്നു.

 

ഇതില്‍ ആറാംതമ്പുരാനിലേക്കുള്ള ക്ഷണം ഞാനൊരിക്കലും മറക്കില്ല. കാരണം ഏതോ ഒരു സിനിമാ ലൊക്കേഷനിലിരുന്നപ്പോഴാണ് ഷാജി കൈലാസ് ആറാംതമ്പുരാന്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. നായകന്‍- മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. അന്ന് ലൊക്കേഷനിലുണ്ടായിരുന്നവരെല്ലാം ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച എന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. അപ്പോഴും എന്റെയുള്ളില്‍ നിലയ്ക്കാത്ത നെഞ്ചിടിപ്പായിരുന്നു. കാരണം, മോഹന്‍ലാല്‍ എന്ന മഹാനടന്‍ എന്നോട് മിണ്ടുമോ, ആള് പാവമാണോ ഒന്നുമറിയില്ലല്ലോ? സത്യം പറഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഞാനുറങ്ങിയിട്ടില്ല.manju

ഒറ്റപ്പാലത്തായിരുന്നു ആറാംതമ്പുരാന്റെ ഷൂട്ടിംഗ്. സെറ്റില്‍ ലാലേട്ടനൊഴികെ ഒട്ടുമിക്ക താരങ്ങളും എത്തി. ലാലേട്ടന്റെ വരവിനെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവന്‍. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വന്നു നിന്നു. ഡോര്‍ തുറന്ന് സൂപ്പര്‍സ്റ്റാറിന്റെ കുപ്പായമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ലാലേട്ടന്‍ പുറത്തിറങ്ങി. എന്റെയടുത്ത് കിടന്ന കസേരയില്‍ വന്നിരുന്നു. എന്നോട് ഇങ്ങോട്ട് സംസാരിച്ചുതുടങ്ങി, അപ്പോഴാണ് മനസ്സില്‍ ലാലേട്ടനെക്കുറിച്ച് കെട്ടിപ്പടുത്ത ഇമേജുകള്‍ തകര്‍ന്നത്. ഷൂട്ടിംഗ് തീരുന്നതുവരെ എന്നോടും മാതാപിതാക്കളോടും വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ലാലേട്ടനും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളില്‍ സത്യം പറഞ്ഞാല്‍ അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നില്ല. ഡബ്ബിംഗ് തിയറ്ററില്‍ സീന്‍ വീണ്ടും കാണുമ്പോഴാണ് ലാലേട്ടന്റെ എക്‌സ്പ്രഷനിലുണ്ടാകുന്ന ഇംപാക്ട് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ലാലേട്ടനൊപ്പം പിന്നെയും ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു.

Top