ശബരിമല പ്രശ്‌നം വര്‍ഗീയ വത്ക്കരിക്കാന്‍ മനോജ് എബ്രഹാമിനെ കരുവാക്കുന്നു; ഐജിയെ ഒതുക്കാന്‍ സംഘപരിവാര്‍ മാധ്യമങ്ങളുടെ ശ്രമം

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്‌നത്തിലായത് ശബരിമലയില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍. മല കയറാനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുക എന്ന ഭാരിച്ച ബാധ്യത നിറവേറ്റുകയാണ് പമ്പമുതല്‍ സന്നിധാനം വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍. വിവാദ വിഷയമായതിനാല്‍ മല കയറുന്ന സ്ത്രീകള്‍ക്കൊപ്പം പോലീസിനെയും വിവാദങ്ങളില്‍ പെടുത്തുകയാണ് സുപ്രീം കോടതി വിധിയെ എതിര്‍ക്കുന്നവര്‍.

കഴിഞ്ഞ ദിവസം നടന്ന രഹന ഫാത്തിമയുടെ ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് ഐ.ജി മനോജ് എബ്രഹാമിനെതിരായി കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഇതിന് പിന്നില്‍ പോലീസിലെ തന്നെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും സംശയം ഉയരുന്നു. നിലക്കലില്‍ നടന്ന പോലീസ് ലാത്തി ചാര്‍ജ്ജിന്റെ പേരില്‍ മനോജ് എബ്രഹാമിനെ പേരെടുത്ത് പറഞ്ഞ് ബിജെപി നേതാവ് ശ്രീധരന്‍പിള്ള വര്‍ഗ്ഗീയത നിറഞ്ഞ ആരോപണം ഉന്നയിച്ചിരുന്നു.

ശബരിമലയിലേക്ക് രഹന ഫാത്തിമയെ കൊണ്ടുപോയത് മനോജ് എബ്രഹാം അല്ലെന്നിരിക്കെ മന:പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്ത് വാര്‍ത്തകള്‍ വരുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ മാധ്യമം പുറത്തുവിട്ട രഹനയുടെ ‘വെളിപ്പെടുത്തല്‍’ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് മറ്റു മാധ്യമങ്ങളില്‍ കൊടുപ്പിക്കുവാനും അണിയറയില്‍ ചില കേന്ദ്രങ്ങള്‍ ഇടപെട്ടു. ഇത് ഹിഡന്‍ അജണ്ട മുന്‍ നിര്‍ത്തിയാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി രഹ്നയുമായി നടത്തിയ സംഭാഷണത്തില്‍ ഐ.ജി ശ്രീജിത്ത് നല്‍കിയ സഹായങ്ങളും മുന്‍പരിചയമുള്ള കാര്യം വ്യക്തമാക്കിയതുമെല്ലാം മറച്ച് വച്ച് ‘മനോജ് എബ്രഹാമിനെ അറിയിച്ചു’ എന്ന ഒറ്റ വാക്ക് അടര്‍ത്തിമാറ്റി സംഭാഷണം എഡിറ്റു ചെയ്താണ് മന:പൂര്‍വ്വം യാഥാര്‍ത്ഥ്യത്തെ വഴി തിരിച്ച് വിടാനാണ് മാധ്യമങ്ങളടക്കം ശ്രമിച്ചത്. സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍.

സംഭാഷണത്തില്‍ കളക്ടറോട് സംസാരിച്ചിരുന്നതായും പമ്പയില്‍ എത്തിയാല്‍ സംരക്ഷണം നല്‍കാമെന്ന് പറഞ്ഞതായും രഹന അവകാശപ്പെടുന്നുണ്ട്. ‘രാത്രി 12.30ന് ആണ് ഭര്‍ത്താവ് മനോജുമൊത്ത് താന്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്.

ശ്രീജിത്ത് സാറിന്റെ കൂടെ മല ചവിട്ടുമ്പോള്‍ പോലും തന്നെ ആരും ശ്രദ്ധിച്ചിരുന്നില്ല ഒപ്പം ഉണ്ടായിരുന്ന മറ്റേ കുട്ടിയെയാണ് ശ്രദ്ധിച്ചിരുന്നത്. നിങ്ങള്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ സന്നിധാനത്തെത്തിക്കുമെന്ന് ആത്മവിശ്വാസം ശ്രീജിത്ത് സാര്‍ നല്‍കി. എന്ത് പ്രശ്നമുണ്ടായാലും പൊലീസ് ബൗണ്ടറി വിട്ട് പോകരുത് എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍പ് രാഹുല്‍ പശുപാലന്റെ കേസില്‍ സാറുമായി സംസാരിച്ചിട്ടുണ്ട്.’

വളരെ സുരക്ഷിതമായി നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്താണ് ഐ.ജിയും സംഘവും തന്നെ ശബരിമലയിലെത്തിച്ചതെന്നും രഹന പറഞ്ഞു. കുട്ടികളുടെ ദേഹത്ത് ചവിട്ടി പോകാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാലാണ് തിരിച്ച് പോന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍, ഈ സംഭാഷണത്തിലെ ഭൂരിഭാഗവും ഒഴിവാക്കിയാണ് മനോജ് എബ്രഹാമിനെ ടാര്‍ഗറ്റ് ചെയ്യുന്നത്. രഹനയോട് വരാനും മലകയറാനുമൊന്നും മനോജ് എബ്രഹാം ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

നിലക്കലിലും പമ്പയിലും സംഘടിച്ച് മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചവര്‍ക്കെതിരായ പൊലീസ് നടപടിക്ക് നേതൃത്വം നല്‍കിയ ഐ.ജി മനോജ് എബ്രഹാമിനെതിരായി സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചരണം ഉപയോഗപ്പെടുത്താന്‍ കൂടിയാണ് ഇപ്പോള്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തുന്നതെന്നാണ് സര്‍ക്കാരും സംശയിക്കുന്നത്. മനോജ് എബ്രഹാമിനെ വിവാദ മല കയറ്റത്തില്‍ വലിച്ചിഴച്ചതിനു പിന്നിലെ ഇടപെടല്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐ.ജി മനോജ് എബ്രഹാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ ഗൗരവമായി കണ്ട് കര്‍ശന നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. ഇതിനകം തന്നെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപ്പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്നും അപവാദം പ്രചരിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പമ്പയില്‍ ചുമതല ഐ.ജി ശ്രീജിത്തിനാണെന്നിരിക്കെ മന:പൂര്‍വ്വം മനോജ് എബ്രഹാമിനെ വലിച്ചിഴച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് നിസാരമായി കാണാന്‍ കഴിയില്ലന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടകരമായ ഈ പ്രവണത മുളയിലേ നുള്ളുക തന്നെ ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

 

Latest